റാപ്പര്‍ വേടന് പിന്തുണയുമായി ചുംബന സമരത്തിലൂടെ പ്രശസ്തയായ പ്ലേ ബോയ് മോഡല്‍ രശ്മി ആർ നായർ. ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കിയാണ് രശ്മി പിന്തുണ അറിയിച്ചത്. കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകുമെന്നും രശ്മി ഫെയ്സ് ബുക്കില്‍ കുറിച്ചു. അതേ സമയം വേടന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അവനെ നിർണയിക്കുന്നതെന്നുമാണ് ലാലി പി എം ഫെയ്സ്ബുക്കില്‍ കുറിച്ചത്. വേടന്‍റെ റാപ്പില്‍ പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
വേടനെ അനുകൂലിച്ച് ആദിവാസി സമൂഹത്തിൽ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷും രംഗത്തെത്തി. വേടനു ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്നും വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ച വേടനൊപ്പമാണെന്നും യുവജനത്തിന് ഒരു തീ ആയിരുന്നു വേടനെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ ലീല സന്തോഷ് പറയുന്നു. വേടൻ പ്രതിയായ ലഹരികേസിൽ കഞ്ചാവ് വിതരണം ചെയ്തവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് പിടിയിലായവരുടെ മൊഴി. മുൻപ് നൽകിയ കഞ്ചാവിന്റെ മിച്ചമുള്ളതാണ് ഉപയോഗിച്ചതെന്നും വേടൻ മൊഴി നൽകി. ആഷിക്കിന് പുറമെ കൂടുതൽ ആളുകളിൽ നിന്നും സംഘം കഞ്ചാവ് വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മൊബൈൽ ഫോണിൽ നിന്നടക്കം ഇത് സംബന്ധിച്ച് നിർണായക വിവരം ലഭിച്ചു. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എ.ഫ്ഐ.ആറിൽ വ്യക്തമാക്കുന്നു.
ഒൻപത് പേരും മേശക്ക് ചുറ്റും വട്ടംകൂടിയിരുന്നു കഞ്ചാവ് ഉപയോഗിച്ചു. ഉദ്യോഗസ്ഥരെത്തുമ്പോൾ മുറി നിറയെ രൂക്ഷഗന്ധവും പുകയും നിറഞ്ഞ നിലയിലായിരുന്നുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.അതേ സമയം പുലിപ്പല്ല് കൈവശംവച്ചതിന് വനംവകുപ്പ് അറസ്റ്റുചെയ്ത ഹിരണ്‍ ദാസ് മുരളി എന്ന റാപ്പര്‍ വേടനെ ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റുചെയ്തു ജാമ്യത്തില്‍വിട്ട വേടനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് കോടനാട്ടെ ഡിവിഷന്‍ ഒാഫീസിലേയ്ക്ക് കൊണ്ടുപോയി. പുലിപ്പല്ല് കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ പരിപാടിക്കിടെ ആരാധകന്‍ നല്‍കിയതാണെന്നും തൃശൂരില്‍വച്ച് വെള്ളികെട്ടിച്ച് ഉപയോഗിക്കുകയായിരുന്നുവെന്നും വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ വനംവകുപ്പ് ചുമത്തിയിട്ടുണ്ട്. മൃഗവേട്ട ഉള്‍പ്പെടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.