മലയാളി റാപ്പ് സംഗീതത്തിന്‍റെ തരംഗമായ റാപ്പർ വേടനും സംഘവും ഇന്ന് ദുബായിൽ. 'വേട്ട' എന്ന പേരിൽ ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് വേടന്റെ ഒരു മെഗാ ഷോ നടക്കുന്നത്. ഇന്ന് വൈകിട്ട് 5.30ന് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിലാണ് പരിപാടി. ഷോയ്ക്കായുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകർ.
വേടനോടൊപ്പം യുവാക്കളുടെ തരംഗമായ ഗബ്രി, സ്റ്റീക്ക്, അനോണിമസ്, ഋഷി, വിശാൽ തുടങ്ങിയ റാപ് ഗായകരും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ വേദിയിലെത്തും. പാട്ടിലൂടെ രാഷ്ട്രീയം പറയുന്ന വേടന്റെ പാട്ട് സംഗീതാസ്വാദകർക്ക് പുത്തൻ അനുഭവമാകും സമ്മാനിക്കുക.
"മാതൃപ്രകൃതി" എന്ന ആശയത്തെ അടിസ്ഥാനമാക്കി ക്യൂരിയോ ക്രാഫ്റ്റേഴ്സും കോപ്പർനിക്കസ് അഡ്വർടൈസിംഗും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമേയത്തിനനുരിച്ച് ഫോറെസ്റ്റ് ലൈറ്റ് തീമിൽ ഡിസൈൻ ചെയ്ത വെളിച്ചവിതാനമാണ് കൺസേർട്ടിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, 40 മീറ്റർ നീളത്തിൽ ഒരുക്കിയ റാംപ് വഴി ജനങ്ങളുമായി വേടന് നേരിട്ട് സംവദിക്കാൻ കഴിയുന്ന തരത്തിലാണ് സ്റ്റേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലീഫ് മ്യൂസിക് ബാൻഡിന്റെയും സ്റ്റുഡിയോ 19 ഡാൻസ് ട്രൂപ്പിന്റെയും പ്രകടനങ്ങൾ സംഗീത വിരുന്നിന് കൂടുതൽ മാറ്റുകൂട്ടും. അജിത് വിനായക ഫിലിംസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മെഗാ ഷോയുടെ മുഖ്യ പ്രായോജകർ കണ്ണൻ രവി ഗ്രൂപ്പാണ്. മഴവിൽ മനോരമ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, മനോരമ മാക്സ് എന്നിവയാണ് മീഡിയ പങ്കാളികൾ. കൺസേർട്ടിന്റെ ടിക്കറ്റുകൾ പ്ലാറ്റിനംലിസ്റ്റ് വഴി ലഭ്യമാണ്.