കണ്ടന്റ് ക്രിയേഷൻ ഒരു വിനോദമല്ല മറിച്ച് ഭാവി സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന കരുത്തുറ്റ മാധ്യമമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ നടക്കുന്ന ലോക ഇൻഫ്ലുവൻസർ സംഗമമായ 'വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റി'ന്റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയിൽ പതിനയ്യായിരത്തിലേറെ ക്രിയേറ്റർമാരും അഞ്ഞൂറിലധികം പ്രഭാഷകരുമാണ് പങ്കെടുക്കുന്നത്
ഗൂഗിൾ ജെമിനി, സ്നാപ്ചാറ്റ്, ടിക് ടോക്, മെറ്റ തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകളുടെ പവലിയനുകൾ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ്, നിർമിത ബുദ്ധി ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്നതിൽ ഇക്കുറി പ്രത്യേക ഊന്നൽ നൽകി. ഉച്ചകോടിയുടെ ഭാഗമായി ന്യൂ മീഡിയ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 522 കണ്ടന്റ് ക്രിയേറ്റ്ഴ്സിന്റെ ബിരുദദാന ചടങ്ങിലും പങ്കെടുത്തു. ചരിത്രം, സമ്പദ്‌വ്യവസ്ഥ, മാനുഷിക സേവനം തുടങ്ങിയ മേഖലകളിൽ മികച്ച ഉള്ളടക്കങ്ങൾ നിർമിക്കാൻ പരിശീലനം ലഭിച്ച ഇവർ രാജ്യത്തിന്റെ മൂല്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ 10 ലക്ഷം ഡോളറിന്റെ എഐ ഫിലിം അവാർഡും ലോകപ്രശസ്ത ക്രിയേറ്റർ മിസ്റ്റർ ബീസ്റ്റുമായി ചേർന്നുള്ള കാരുണ്യ പ്രവർത്തനങ്ങളും ഉച്ചകോടിയുടെ മുഖ്യ ആകർഷണങ്ങളാണ്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. യുഎഇയുടെ സാംസ്കാരിക സന്ദേശങ്ങൾ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ പുതിയ തലമുറയിലെ ക്രിയേറ്റർമാർക്ക് വേദി വലിയ അവസരമാണ് ഒരുക്കുന്നത്. മേള നാളെ സമാപിക്കും .