ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പർ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന സഹകരണ എക്സ്പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും ഉൾക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.
ഹിരണ്‍ ദാസ് മുരളിയെന്ന തൃശൂര്‍ സ്വദേശിയാണ് വേടന്‍ എന്ന പേര് സ്വീകരിച്ച് റാപ്പ് മേഖലയില്‍ പേരെടുത്തത്. മ്യൂസിക് ഷോകളില്‍ വസ്ത്രം കൊണ്ടും വ്യത്യസ്തനാണ് വേടന്‍. ദലിത് രാഷ്ട്രീയം പച്ചക്ക് പറയുന്ന ഗായകനെന്നാണ് ആരാധകര്‍ വേടനെ വിശേഷിപ്പിച്ചത്. ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ലെന്ന് പാടിയ വേടനെ പുതിയ തലമുറ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. സംവിധായകൻ ഖാലിദ് റഹ്മാൻ കഞ്ചാവ് കേസിൽ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാർന്നുതിന്നുന്ന ലഹരി കേസിൽ മറ്റൊരു ‘സെലിബ്രിറ്റി’ കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകൾക്കിടെ രാസലഹരിക്കെതിരെ വേടൻ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചർച്ചയാകുന്നുണ്ട്.
ആരും സിത്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറയുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറയുന്നു. അതേ സമയം ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചുവേടന്‍. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വേടന്‍ ലഹരി ഉപയോഗിച്ചന്നെ് സമ്മതിച്ചത്. പിടിച്ച കഞ്ചാവ് തന്റേതാണെന്ന് പറഞ്ഞ വേടന്‍, മറ്റുകാര്യങ്ങള്‍ പിന്നീട് പറയാമെന്നും വ്യക്തമാക്കി. പിടിയിലായ ഒമ്പതുപേരില്‍ വേടന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ നേരത്തേ ലഹരികേസുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.