ദുബായുടെ രാത്രിയെ റാപ് സംഗീതത്തിന്റെ ലഹരിയിൽ ആറാടിച്ച് , വേടനും സംഘവും അവതരിപ്പിച്ച 'വേട്ട' എന്ന മെഗാ ഷോ അമിറ്റി സ്കൂളിൽ അരങ്ങേറി. ഇന്ത്യക്ക് പുറത്ത് വേടൻ ആദ്യമായി അവതരിപ്പിച്ച ഓപ്പൺ സ്റ്റേജ് ഷോയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. റാപ്പ് സംഗീതത്തിന്റെ ലഹരിയിൽ കാണികൾ വേടനോടൊപ്പം ആനന്ദ നൃത്തമാടിയത് പ്രവാസലോകത്തെ അപൂർവ്വ കാഴ്ചയായി.
"കാട്ട് മരത്തിന്റെ മനം മുറിഞ്ഞെ" എന്ന ഗാനത്തോടെ പതിയെ ആരംഭിച്ച വേടൻ റാംപിൽ നടന്നും ഇരുന്നുമൊക്കെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പതിയെ കത്തിക്കയറി.
വേടനോടൊപ്പം യുവാക്കളുടെ തരംഗമായ ഗബ്രി, സ്റ്റിക്ക്, അനോണിമസ്, ഋഷി, വിശാൽ തുടങ്ങിയ റാപ് ഗായകരും വേദിയിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചു. ക്യൂരിയോ ക്രാഫ്റ്റേഴ്സും കോപ്പർനിക്കസ് അഡ്വർടൈസിംഗും സംയുക്തമായി അവതരിപ്പിച്ച പരിപാടിയുടെ മുഖ്യ പ്രായോജകർ കണ്ണൻ രവി ഗ്രൂപ്പാണ്. അജിത് വിനായക ഫിലിംസിന്റെ നേതൃത്വത്തിൽ നടന്ന മെഗാ ഷോയ്ക്ക് മഴവിൽ മനോരമ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, മനോരമ മാക്സുമാണ് മീഡിയ പാർട്ണർമാരായത്