Image Credit: Reuters (Left), AFP (right)

അമേരിക്കന്‍–ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതോടെ അതീവ ജാഗ്രതയില്‍ മധ്യപൂര്‍വേഷ്യ. ദുബായിലെ പാം ജുമൈറയില്‍ കെട്ടിടത്തിന് തീ പിടിച്ചതോടെ നാലുപേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് ഖ്യാതിയുണ്ടായിരുന്ന യുഎഇയിലേക്കും ഇറാന്‍റെ ബലിസ്റ്റിക് മിസൈലുകള്‍ എത്തിയതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  Also Read: പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി ; വലഞ്ഞ് യാത്രക്കാര്‍

യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉഗ്രശബ്ദം കേട്ടുവെന്നും മിസൈലുകള്‍ ആകാശത്ത് കൂടി പായുന്നത് കണ്ടെന്നും ദുബായിലുള്ളവര്‍ വെളിപ്പെടുത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഭീകരമായ സ്ഫോടനങ്ങളായിരുന്നു. ജനാലകള്‍ കുലുങ്ങിപ്പോയി' എന്നാണ് ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയത്. രണ്ടുഘട്ടമായാണ് ഇതുവരെ ആക്രമണങ്ങള്‍ നടന്നത്. അബുദാബിയില്‍ മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ വീണ് പാക്കിസ്ഥാനി പൗരന്‍ കൊല്ലപ്പെട്ടതായി നേരത്തേ യുഎഇ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. 'ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും സാധാരണക്കാരുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ഭീരുത്വം നിറഞ്ഞ നടപടികളാണിതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാവിലെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ മുഹമ്മദ് പാക്പൗര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷിച്ചതായി ഇസ്രയേലും സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ക്കകം ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയ്ക്ക് നേരെ ഇറാന്‍റെ ആക്രമണമുണ്ടായി ഒപ്പം തന്നെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലേക്കും ബലിസ്റ്റിക് മിസൈലുകളെത്തി. ഇറാന്‍ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ജനവാസ മേഖലയില്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ഖത്തര്‍ സ്ഥിരീകരിച്ചു.

ENGLISH SUMMARY:

The Middle East has entered a state of extreme alert following retaliatory ballistic missile strikes by Iran against US military installations across the Gulf, leading to the emergency evacuation of the Burj Khalifa in Dubai. Reports confirm that strategic bases in Abu Dhabi, Doha, and Riyadh were targeted, with significant explosions felt by residents across the UAE and Bahrain. While Qatar’s defense systems successfully intercepted several projectiles, the UAE Ministry of Defence has confirmed a civilian casualty in Abu Dhabi due to falling missile debris. This drastic escalation follows the reported death of Iranian commander Muhammad Pakpour during joint US-Israeli operations, sparking fears of a prolonged regional conflict. International airlines have suspended all flights to the region as airspace closures and security lockdowns remain in effect across major Gulf cities.