ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശന സമയത്ത് പാപ്പയെ നേരിട്ട് കാണാന്‍ സാധിച്ച അനുഭവം പങ്കുവച്ച് മലയാളിയായ ജോസി ജോർജ്. പാപ്പയുടെ കയ്യില്‍ നിന്ന് സമ്മാനം സ്വീകരിക്കാന്‍ കഴിഞ്ഞതും ഫൊട്ടോ എടുക്കാന്‍ സാധിച്ചതും അനുഗ്രഹമായി കാണുകയാണ് അദ്ദേഹം. സൈഡില്‍ നിന്ന് ഒരു ഫൊട്ടോ കൂടെ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ യെസ് പറഞ്ഞ മാർപാപ്പയുടെ സ്നേഹം ജോസി ഓര്‍ക്കുന്നു.
ആ നിമിഷത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ... ‘ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് മാർപ്പാപ്പയെ നേരിൽ കാണുന്നതിനും മാർപ്പാപ്പയുടെ ബഹ്‌റൈൻ ഇവന്‍റ്സിൽ ഭാഗമാകുന്നത്തിനും സാധിച്ചത്. അബുദാബി ബിഷപ്പ് ആയിരുന്ന പോൾ ഹിന്റർ പിതാവിന് കീഴിൽ ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരിയേറ്റ് ആയിരുന്നു ബഹ്‌റൈൻ അപ്പസ്റ്റോലിക് യാത്ര ഏകോപിപ്പിച്ചത്. അതിന് ചുക്കാൻ പിടിച്ചിതാകട്ടെ ജോമോൻ ജോൺ എന്ന മലയാളിയും.
ബഹ്‌റൈൻ എത്തിയ ശേഷം അപ്പോസ്തലിക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെ സേക്രഡ് ഹാർട്ട് കത്തോലിക്കാ ചര്‍ച്ച് മനാമയിൽ ആയിരുന്നു താമസം. പോപ്പ് വരുന്നതിന് രണ്ട് ആഴ്ചകൾക്കു മുൻപ് യാതൊരു വ്യത്യാസവും ഇല്ലാതിരുന്ന മനാമയ്ക്ക് പുതിയൊരു മുഖം നല്‍കണം. പേപ്പൽ വിസിറ്റ് എങ്ങനെ ആഘോഷമാക്കാം എന്ന് മൂന്ന് ദിവസങ്ങൾ കൊണ്ട് മാർപ്പാപ്പ ബഹ്‌റൈൽ പോകുന്ന വഴികളിലൂടെ എല്ലാം സഞ്ചരിച്ചു തയ്യാറാക്കി. വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കുന്നത് മുതൽ മാർപ്പാപ്പയുടെ ഓരോ ദിവസത്തെ സന്ദർശനം വരെ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് വത്യസ്തമാക്കാം എന്നതായിരുന്നു എന്‍റെ ആശയം. ഉടന്‍ തന്നെ രാജകുടുംബത്തിന്‍റെ അംഗീകാരവും ലഭിച്ചു’ അദ്ദേഹം പറയുന്നു.
വിമാനത്താവളം മുതല്‍ മുതൽ മാർപാപ്പ പോകുന്ന എല്ലാവഴികളും ഡിസൈന്‍ ചെയ്തു. വത്തിക്കാന്റെ മഞ്ഞ നിറത്തിൽ ബഹ്‌റൈൻ രാജ്യവും പൊതിഞ്ഞു. മനാമ സിറ്റിയില്‍ തുടങ്ങി ലൈറ്റുകൾ ,ഹെലികോപ്റ്റർ, വിമാനങ്ങള്‍, ആശുപത്രികള്‍, അങ്ങിനെ വിശുദ്ധ കുർബാന അർപ്പിച്ച സ്റ്റേഡിയത്തിലെ മ്യൂസിക് മുതൽ എല്‍ഇഡി വാളിലെ ദൃശ്യങ്ങള്‍ വരെ ഡിസൈൻ ചെയ്യുവാനും മാനേജ് ചെയ്യുന്നതിനും തനിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. അവസാന നിമിഷം ഉണ്ടാക്കിയ ഡിസൈൻ നടപ്പാക്കിയ രാജകുടുംബത്തിനും ഭരണകൂടത്തിലും അദ്ദേഹം നന്ദി പറഞ്ഞു.
ഒടുവില്‍ പാപ്പ പോകുന്നതിനു മുൻപ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കൊട്ടാരത്തിൽ വച്ചായിരുന്നു മാർപ്പായെ സ്വകാര്യമായി കാണുന്നതിനും സംസാരിക്കുന്നതിനും സമ്മാനം സ്വീകരിക്കുന്നതിനും ഭാഗ്യമുണ്ടാകുന്നത്. ‘സൈഡില്‍ നിന്ന് ഒരു ഫോട്ടോകൂടെ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ചിരിച്ചോണ്ട് യെസ് പറഞ്ഞ മാർപാപ്പയുടെ സ്നേഹത്തിന് നന്ദി’ ജോസി ജോർജ് പറയുന്നു.