സ്പെഷല്‍ എഡിഷൻ ക്യാമറകൾ ലൈക്കയ്ക്ക് പുതുമയുള്ള ഒന്നല്ല. എന്നാൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനം കൊടുത്ത ലൈക്കയുടെ സ്പെഷല്‍ എഡിഷൻ ക്യാമറ കമ്പനിയെയും ഞെട്ടിച്ചിരിക്കുകയാണ്. 2024 ൽ മാർപാപ്പയ്ക്ക് കമ്പനി സമ്മാനിച്ച ഫിലിം ക്യാമറ ലേലത്തിൽ വിറ്റത് 75 ലക്ഷം ഡോളറിനാണ്. പ്രതീക്ഷിച്ച തുകയുടെ ആയിരം മടങ്ങ് വലിയ തുകയാണ് ലേലത്തിലൂടെ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ ലൈക്ക ക്യാമറകളിൽ ഒന്നായി മാറി ഫ്രാൻസിസ് പാപ്പയുടെ ക്യാമറ മാറി. ഏപ്രിലിൽ പാപ്പ അന്തരിച്ചതോടെയാണ് ക്യാമറ ലേലം ചെയ്യാൻ തീരുമാനിച്ചത്. ക്യാമറയുടെയും ലെൻസിന്റെയും സീരിയൽ നമ്പർ 5,000,000 ആയിരുന്നു. ഇത്തരം സീരിയൽ നമ്പറുകൾ വരുമ്പോൾ അവ വളരെ സവിശേഷ വ്യക്‌തികൾക്ക് സമ്മാനിക്കുക എന്ന പതിവ് ലൈക്ക കമ്പനിയ്ക്കുള്ളതാണ്.
ലൈക്ക എം-എ (Leica M-A) സ്പെഷല്‍ വെള്ള ലെതർ കവറിങ് ഉള്ള ക്യാമറയും നോക്ടിലക്സ് 50എംഎം എഫ്/1.2 ലെൻസുമായിരുന്നു സമ്മാനമായി നല്‍കിയത്. അദ്ദേഹം നടത്തിയ സാമൂഹികവും മനുഷ്യത്വപരവുമായ ഇടപെടലുകളോടുള്ള ബഹുമാനാർഥമായിരുന്നു ഈ സ്പെഷല്‍ സമ്മാനം.
ക്യാമറയിൽ 'കീസ് ഓഫ് പീറ്റർ' ആലേഖനം ചെയ്തിട്ടുണ്ട്. മാർപാപ്പയുടെ ആദർശവാക്യമായിരുന്ന Miserando atque eligendo ('എളിയവൻ എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവൻ') എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബോഡി ക്യാപ്പിലും ലെൻസ് ക്യാപ്പിലും വത്തിക്കാൻ സിറ്റിയുടെ 'കോട്ട് ഓഫ് ആംസ്' കൊത്തിവച്ചിട്ടുണ്ട്.
ലേലത്തിൽ ലഭിച്ച തുക വത്തിക്കാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറും. തുകയുടെ ഒരു നിശ്ചിത ശതമാനം ലേലം നടത്തിയ 'ലൈക്കാ ക്ലാസിക്‌സ് ആൻഡ് ലൈറ്റ്സ് ഫോട്ടോഗ്രാഫിക്കാ ഓക്ഷന്' ഉള്ളതാണ്. ലൈക്കയും ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.