Untitled design - 1

തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കവർച്ച നടന്നു. മുന്തിയ ഇനം കാമറകൾ വിൽക്കുന്ന കട. പതിനാലു ലക്ഷം രൂപയുടെ ക്യാമറകൾ നഷ്ടപ്പെട്ടു. കടയുടമ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനോട് പരാതി ബോധിപ്പിച്ചു. ക്യാമറ കള്ളനെ പിടിക്കാനുള്ള ദൗത്യം തൃശൂർ എ.സി.പി. കെ.ജി.സുരേഷിനെ ഏൽപിച്ചു. സി.സി.ടി.വി. കാമറ പരിശോധിച്ചപ്പോൾ ഒരു കുട മാത്രം കാണാനുണ്ട്. കുട ചൂടിയ കള്ളനെ എങ്ങനെ പിടിക്കും.

കേരള പൊലീസിനോടാണോ കളി. കള്ളൻ എപ്പോഴെങ്കിലും ഒരിക്കൽ കുട മടക്കിവച്ചിട്ടുണ്ടാകും. അങ്ങനെ മടക്കിവച്ച ശേഷം, നടന്നു പോകുന്ന കള്ളന്റെ ദൃശ്യങ്ങൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജോയും എസ്.ഐ . ബിബിൻ ടി നായരും സ്ക്വാഡ് എ.എസ്.ഐ പഴനിസ്വാമിയും പരതിയത് നൂറ്റിയൻപതോളം ക്യാമറകളാണ്. തൃശൂരിലെ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. കുട മടക്കി. അതും ശ്രദ്ധയിൽപ്പെടാത്ത ഒരു സിസിടിവി ക്യാമറയ്ക്കു മുമ്പിൽ. കള്ളന്റെ മുഖം കിട്ടി പതിനാലു ലക്ഷം രൂപയുടെ ക്യാമറകൾ മോഷ്ടിച്ചു നടന്ന ആ കള്ളൻ ആര്?.

ക്യാമറ കട നിൽക്കുന്ന മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചു. രണ്ടു ലക്ഷത്തിലേറെ നമ്പറുകളിൽ രാത്രി ആക്ടീവായ നമ്പറുകൾ പരതി. കള്ളന്റെ നമ്പർ തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ കള്ളന്റെ വിലാസം തരപ്പെടുത്തി. നിലവിലെ ടവർ ലൊക്കേഷനുകളും. എറണാകുളത്തു നിന്ന് തൃശൂരിലേയ്ക്കുള്ള യാത്രയിലാണ് കള്ളനെന്ന് മനസിലായി. തൃശൂർ സിറ്റി പൊലീസിന്റെ സ്പെഷൽ സ്ക്വാഡായ സാഗോക്ക് ഉണർന്നു. കള്ളനെ പിടിച്ചു. മാനന്തവാടി സ്വദേശി ഫൈസൽ. മുപ്പത്തിയാറു വയസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. എട്ടാംക്ലാസാണ് വിദ്യാഭ്യാസമെങ്കിലും ഹൈടെക്കായിരുന്നു കവർച്ചാ പദ്ധതികൾ.

മോഷ്ടിച്ച ക്യാമറ വിൽക്കും, അതേ കട കൊള്ളയടിക്കും

ഗൂഗിളിൽ സെർച്ച് ചെയ്യും നല്ല ക്യാമറ വിൽക്കുന്ന കടകൾ. അതിലൊരു കടയിൽ രാത്രി കയറി കക്കും. മോഷ്ടിച്ച ക്യാമറയുമായി മറ്റൊരു ജില്ലയിലെ കടയിൽ എത്തും. ആ ക്യാമറ അവിടെ വിൽക്കും. ആ സമയത്തു കടയുടെ ഭൂമിശാസ്ത്രം പഠിക്കും. അതേക്കടയിൽ അന്നുരാത്രി കയറും. കവർച്ച നടത്തും.

ഫുൾക്കൈ ഷർട്ടും കയ്യുറകളും മസ്റ്റാണ്. പിന്നെ, കുടയും. രാത്രിയിൽ മഴയില്ലെങ്കിലും കുടചൂടി പോകുന്നവരുണ്ടെങ്കിൽ എന്തോ പന്തികേടുണ്ടാകും. ശ്രദ്ധിക്കണമെന്ന് പൊലീസ് പറയുന്നു. കവർച്ചയ്ക്കു ശേഷം വസ്ത്രങ്ങളും കയ്യുറകുളും ഷൂസും കത്തിച്ചു നശിപ്പിക്കും. ക്യാമറകൾ സൂക്ഷിക്കുന്നത് അയൽപക്കത്തെ വീടിന്റെ മോട്ടോർപുരയിലും. മോഷ്ടിച്ച കാമറകൾ കണ്ടെടുത്തു. കായംകുളത്തെ ക്യാമറ കടയിലെ കവർച്ചയും തെളിഞ്ഞു.

പൊലീസിന് കയ്യടി

തൃശൂർ സിറ്റി പൊലീസിന്റെ തൊപ്പിയിൽ വീണ്ടും ഒരു പൊൻതൂവൽകൂടി. മുത്തശിയുടെ അഞ്ചരപവന്റെ മാല മോഷ്ടിച്ചവരെ ഇരുപത്തിനാലു മണിക്കൂറിനകം കണ്ടുപിടിച്ച കേസിനു ശേഷം ഇതാ ക്യാമറകള്ളൻ പിടിയിൽ .സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ. ബാലസുബ്രഹ്മണ്യം, ലിഷ, ഹരിഷ്, ദീപക്, അജ്മൽ, സുഹൈർ എന്നിവരടങ്ങുന്ന വലിയ ടീമിന്റെ അധ്വാനമാണ് കള്ളനെ കുടുക്കിയതിനു പിന്നിൽ.

ENGLISH SUMMARY:

Camera theft in Thrissur recently occurred where valuable cameras were stolen. The Kerala police successfully apprehended the thief using advanced investigation techniques and recovered the stolen goods.