ബംഗളൂരു നഗരത്തിലെ സിനിമാ തിയേറ്ററിലെ ശുചിമുറിയില്‍ ഒളിക്യാമറ. തിയേറ്റര്‍ ജീവനക്കാരന്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതു കയ്യോടെ പിടികൂടിയതോടെ അറസ്റ്റിലായി. സിനിമ കാണാനെത്തിയവര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു പൊലീസിനു കൈമാറുകയായിരുന്നു.
ബെംഗളുരുവില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന മഡിവാളയിലെ സന്ധ്യ തിയേറ്ററിലാണു നടുക്കുന്ന സംഭവം. ടെക്കിയായ യുവതി കുടുംബത്തിനൊപ്പം തെലുഗു സിനിമ കാണാനെത്തിയതായിരുന്നു. ഇടവേള സമയത്തു ശുചിമുറി ഉപയോഗിച്ചു. ഈസമയം തൊട്ടടുത്ത ശുചിമുറിയിലിരുന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു ശ്രദ്ധയില്‍പെട്ടു. ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തി യുവാവിനെ പിടികൂടി പരിശോധിച്ചു. മൊബൈല്‍ഫോണില്‍ നിരവധി സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതോടെ ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായി.
വിവരമറിഞ്ഞെത്തിയ പൊലീസ് തിയേറ്റര്‍ ജീവനക്കാരനായ പ്രായപൂര്‍ത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരു ജീവനക്കാരന്‍ രാജേഷിന്റെ അറിവോെടയാണു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും കേസെടുത്തു. പിടിയിലായ ആള്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണന്നും ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും മഡിവാള പൊലീസ് അറിയിച്ചു.