ജര്‍മനിയിലെ ദ് വോയ്സ് കിഡ്സ് ഷോയില്‍ തിളങ്ങിയ ഒരു മലയാളിയുണ്ട്. ഒരു പതിനാലുകാരന്‍. പാട്ടു പാടി മാത്രമല്ല ഈ പയ്യന്‍ വിധികര്‍ത്താക്കളെ കയ്യിലെടുത്തത്. കൂടുതല്‍ വിശേഷങ്ങള്‍ നമുക്ക് കാണാം.
അനന്ദു എന്ന പേരില്‍ അറിയപ്പെടുന്ന അനന്ദപത്മനാഭന്‍ മോഹന്‍, ഗായകനായും ഡ്രമ്മറായും ദ വോയ്സ് കിഡ്സ് ജര്‍മനിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ മലയാളി പ്രതിഭയാണ്. യൂറോപ്യന്‍ രാജ്യത്തെ ഒരു ഷോയില്‍ യോഗ്യത ലഭിക്കുക അത്ര എളുപ്പമല്ല. ഓഡിഷനില്‍ അനന്ദു പാടിത്തുടങ്ങി ഏതാനും സെക്കന്‍റുകള്‍ക്കം തന്നെ രണ്ടു വിധികര്‍ത്താക്കള്‍ ബസര്‍ അമര്‍ത്തി അനന്ദുവിനെ തിരഞ്ഞെടുത്തത് പതിനാലു വയസ്സുകാരന് മറക്കാനാകാത്ത അനുഭവമായിരുന്നു.
ഈ കൊച്ചു കലാകാരന് കേരളത്തെ അങ്ങനെയങ്ങ് മറക്കാന്‍ പറ്റില്ല. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു അവസരവും അനന്ദു പാഴാക്കില്ല. ജര്‍മനിയിലെ ഐറ്റി എഞ്ചിനീയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭ മോഹന്‍റെയും തിരുവനന്തപുരം സ്വദേശി ദീപ മോഹന്‍റെയും മകനായ അനന്ദു 7 വയസ്സുമുതലാണ് സംഗീതം ജീവിതമാക്കിയത്. സംഗീതത്തില്‍ മാത്രമല്ല, കെമിസ്ട്രിയും ഫിസിക്സും അനന്ദുവിന്‍റെ തല്‍പരവിഷയങ്ങളാണ്. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാനാവട്ടെ ഈ കൊച്ചു മിടുക്കന്.