പട്ടാപ്പകല്‍ പേരൂര്‍ക്കടയില്‍ നടന്ന വിനീത കൊലക്കേസില്‍ വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2022 ഫെബ്രുവരി ആറിനാണ് കേരളം നടുങ്ങിയ ക്രൂരകൃത്യം നടന്നത്. അലങ്കാരച്ചെടി വില്‍പ്പനകേന്ദ്രത്തിലെ ജോലിക്കാരിയായിരുന്ന വിനീതയെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുന്നതിനായാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്.
ചെടി നനച്ച് കൊണ്ടിരുന്ന വിനീതയെ പിന്നില്‍ നിന്നെത്തിയ രാജേന്ദ്രന്‍ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ കത്തി കുത്തിയിറക്കിയായിരുന്നു കൊലപാതകം. കുത്തേറ്റ് വിനീതയുടെ സ്നപേടകം തകര്‍ന്നു. ഒന്നുറക്കെ അലറിക്കരയാന്‍ പോലും കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ– സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷന്‍ വിശദമായി പഠിച്ചതും ആശ്രയിച്ചതും. 96 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ് എന്നിവയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.
ഹൃദ്രോഗബാധിതനായി ഭര്‍ത്താവ് മരിച്ചതോടെയാണ് വിനീത അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തില്‍ ജോലിക്ക് പോയിത്തുടങ്ങിയതെന്ന് കുടുംബം പറയുന്നു. വിനീതയുടെ മരണത്തോടെ രണ്ട് മക്കളാണ് അനാഥരായത്. പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്നാണ് അമ്മ രാഗിണിയുടെ ആവശ്യം.