പലവിധത്തിലുള്ള ഉൽപന്നങ്ങൾ ആദിവാസി ഊരുകളിൽ നിന്നു പുറത്തേക്ക് വരാറുണ്ട്. പരമ്പരാഗത രീതിയിൽ നിർമിക്കുന്നതും പുത്തൻ രീതിയിൽ നിർമിക്കുന്നതുമെല്ലാം അതിലുൾപ്പെടും. അത്തരത്തിലൊന്നാണ് കണ്ണാടിപായ. പേര് പോലെ തന്നെ കണ്ണാടി മാതൃകയില്‍ നെയ്തെടുക്കുന്ന അസ്സലൊരു കരവിരുത്. കണ്ണാടിപായക്കു കഴിഞ്ഞ ദിവസം ഭൗമസൂചിക പദവി ലഭിച്ചു. ഒരു ആദിവാസി ഉത്പന്നത്തിനു ഭൗമസൂചിക പദവി ലഭിക്കുന്നത് ഇതാദ്യമായാണ്..
എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഊരാൻ, മണ്ണാൻ, മലയൻ, കാടർ, ഇരുളർ വിഭാഗത്തിലുള്ളവരാണ് കണ്ണാടിപായ നിർമിക്കുന്നത്. തൃശൂരിൽ പ്രത്യേകിച്ച് അതിരപ്പിള്ളിയിലെ ഊരുകളിൽ നിർമിച്ചു വിൽപ്പന നടത്തി വരുന്നുണ്ട്.
കാട്ടില്‍ നിന്ന് ഈറ്റ വെട്ടിയെടുത്ത് പലതായി ചീന്തിയെടുത്താണ് പായ നെയ്തെടുക്കുക. പൂപ്പല്‍ വരാതിരിക്കാന്‍ രണ്ട് ദിവസം ഉപ്പു വെള്ളത്തിലിട്ട് വെച്ച് ദൗത്യം തുടങ്ങും. നിലത്തിരുന്ന് കണ്ണിമവെട്ടാതെ, ശ്രദ്ധ അടരാതെയാണ് പായ നിർമിക്കുക. ഒരു പായ പൂർത്തിയാക്കാൻ രണ്ടു ആഴ്ചയിലധികം സമയമെടുക്കും. ദിവസത്തിലെ ഭൂരിഭാഗം സമയവും പായ നിര്‍മാണത്തിനായി ചിലവൊഴിക്കണം.
ഈറ്റ പുഴുങ്ങി കളര്‍ മുക്കി നിര്‍മിക്കുന്ന വര്‍ണപായകളും നിര്‍മിച്ചെടുക്കുന്നുണ്ട്. മൂളികണ്ണാടി, പെട്ടികണ്ണാടി, ഷെറയപ്പായ തുടങ്ങീ പലവിധത്തിലുള്ള പായകൾ കരവിരുതിൽ തയ്യാറാക്കുന്നുണ്ട്. നെയ്തെടുക്കുന്ന പായ സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതോടെ കിട്ടുന്ന തുഛമായ വരുമാനം മാത്രമാണ് ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചു വരുന്നത്.
ഭൗമ സൂചികാ പദവി ലഭിച്ചതോടെ സാഹചര്യം മാറും. ആദിവാസികളുടെ കരവിരുതൽഭുതം ലോകമറിയും. കണ്ണാടിപായക്കു കടൽ കടക്കാനാകും. വരുമാനം ഉറപ്പിക്കാനാകും. ഏറ്റവും മികച്ച നേട്ടത്തിനൊപ്പമാണവർ..