kodiyeri-pothichore

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജയപരാജയങ്ങൾ ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും ബാധിക്കില്ലെന്ന് ബിനീഷ് കോടിയേരി. ഇടത് യുവജന സംഘടനകൾ നൽകുന്ന പൊതിച്ചോർ, രക്തദാന സേവനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. ജനങ്ങളോടുള്ള ഇടപെടലുകൾ നിലയ്ക്കാതെ തുടരുമെന്നും ബിനീഷ് പറഞ്ഞു.

'ആശുപത്രികളിലെ പൊതിച്ചോർ വിതരണം നാളെയും മുടങ്ങില്ല. ആർക്കെങ്കിലും രക്തം നൽകാൻ ഉണ്ടെങ്കിൽ നാളെയും അത് കൃത്യമായി നൽകും. കുടിവെള്ളം നൽകുന്നിടത്ത് നാളെയും സഖാക്കൾ അത് കൃത്യമായി ചെയ്യും’ ബിനീഷ് കുറിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ് വൻ വിജയം നേടി. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തി.

തിരുവനന്തപുരം കോർപറേഷനിൽ എൻ‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തിയതാണ് ശ്രദ്ധേയമായ ഘടകം. ബിജെപിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തി. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റത്. എതിരാളികളെ അടിക്കാൻ ഇടതുമുന്നണി കരുതിയ വടികളൊന്നും ഫലം ചെയ്തില്ല.

ബിനീഷ് കോടിയേരിയുടെ കുറിപ്പ്

'ആശുപത്രികളിലെ പൊതിച്ചോർ വിതരണം നാളെയും മുടങ്ങില്ല. ആർക്കെങ്കിലും രക്തം നൽകാൻ ഉണ്ടെങ്കിൽ നാളെയും അത് കൃത്യമായി നൽകും. കുടിവെള്ളം നൽകുന്നിടത്ത് നാളെയും സഖാക്കൾ അത് കൃത്യമായി ചെയ്യും. ആർക്കെങ്കിലും ഒരു സഹായം നാളത്തേക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ സഖാക്കൾ കൃത്യമായി തന്നെ എത്തും. കാരണം ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളെ പഠിപ്പിക്കുന്നത് വെറും പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല. അത് ജനങ്ങളോടുള്ള നിരന്തരമായ ഇടപെടലുകളാണ്. നിലയ്ക്കാതെ അത് തുടരും. ഒരു ഇലക്ഷൻ ജയപരാജയങ്ങളും അതിനെ ബാധിക്കില്ല'

ENGLISH SUMMARY:

Bineesh Kodiyeri's statements highlight the Left's commitment to continuous public service despite recent election setbacks. He emphasizes that their work, including providing food, blood, and water, will continue unaffected by electoral outcomes.