'ഡാനീസ് ഡേയ്സ്' എന്ന യൂട്യൂബ് ചാനലിലൂടെ ഒട്ടേറെ ആരാധകരെ സമ്പാദിച്ച വ്ലോഗര്‍മാരാണ് അശ്വതിയും ഡാനിയും. വീട്ടുവിശേഷങ്ങളാണ് ഇവരുടെ വ്ളോഗുകളില്‍ ഏറെയും. ഒന്നിച്ച് ഭക്ഷണമുണ്ടാക്കുന്നതും പരസ്പരമുള്ള സംഭാഷണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. എന്നാല്‍ അടുത്തകാലത്ത് ഇവര്‍ ചെയ്ത ഒരു വിഡിയോ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. അശ്വതി രണ്ടാമത് ഗര്‍ഭിണിയായ വിവരം അറിഞ്ഞപ്പോഴുള്ള പ്രതികരണമായിരുന്നു വിഡിയോ. അതില്‍ അശ്വതി പൊട്ടിക്കരയുന്നത് കാണാം. മൂത്തമകള്‍ക്ക് ഒന്നര വയസേ ആയുള്ളു എന്നുപറഞ്ഞാണ് വിലാപം.
വിഡിയോ കണ്ടവരില്‍ പലരും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഭാവിയില്‍ ഇത് വലിയ മാനസികാഘാതം ഉണ്ടാക്കുമെന്ന് വിമര്‍ശനമുയര്‍ത്തി. കാര്യങ്ങള്‍ മനസിലാകുന്ന പ്രായമെത്തുമ്പോള്‍ കുഞ്ഞ് ഈ വിഡിയോ കണ്ടാല്‍ താന്‍ അച്ഛനമ്മമാര്‍ ആഗ്രഹിക്കാതെ പിറന്ന കുട്ടിയാണല്ലോ എന്ന് ചിന്തിക്കില്ലേ എന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തിയ ചോദ്യം. ഇതിന് മറുപടിയുമായി അശ്വതിയും ഡാനിയും പുതിയ വിഡിയോ പോസ്റ്റ് ചെയ്തു.
വളരെപ്പെട്ടെന്ന് വീണ്ടും ഗർഭിണിയെന്ന കാര്യം വൈകാരികമായി ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നാണ് പ്രധാന വിശദീകരണം. മൂത്ത മകൾക്ക് രണ്ടുവയസാവും വരെ മുഴുവന്‍ സമയവും അവള്‍ക്കായി ചെലവിടണമെന്നായിരുന്നു തന്‍റെ സ്വപ്നമെന്ന് അശ്വതി പറയുന്നു. അതുകൊണ്ടാണ് വിവരമറിഞ്ഞപ്പോള്‍ അങ്ങനെ പ്രതികരിച്ചത്. അല്ലാതെ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവില്‍ മനോവേദന ഉണ്ടായതുകൊണ്ടല്ല എന്നും അവര്‍ വ്യക്തമാക്കി. ഈ വിഡിയോയ്ക്ക് താഴെയും കമന്‍റുകളുടെ പൂരമാണ്.