എന്‍റെ മോള്‍ പോയി, അമ്മേ ഒന്നും കാണാൻ പറ്റുന്നില്ല..,മുറുകെപ്പിടിക്ക്..., എന്‍റെ മോൾ അവസാനമായി പറഞ്ഞത് ഇതാണ്.’ ഏകപർണികയുടെ വേർപാടിൽ നെഞ്ചുലഞ്ഞ അമ്മ ആഷ വിങ്ങിപ്പൊട്ടുകയാണ്. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷയുടെയും മകൾ മൂന്ന് വയസുകാരി ഏകപർണിക മരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്. ചികിത്സപ്പിഴവാണു കുട്ടിയുടെ മരണത്തിനു കാരണമെന്നാണു മാതാപിതാക്കളുടെ ആരോപണം.
‘മോളെ നോക്കാൻ പല തവണ നഴ്സുമാരോടു പഞ്ഞതാണ്. എന്നാൽ അവർ ഒന്നും ചെയ്തില്ല. രാത്രി ഒന്നിന് ഇട്ട ഡ്രിപ്പിൽനിന്ന് അരക്കുപ്പി പോലും രാവിലെ എഴു മണിയായിട്ടും അവളുടെ ദേഹത്തുകയറിയില്ല. കണ്ണുകൾ മിഴിഞ്ഞ്, ചുണ്ട് ഉണങ്ങി, ശ്വാസംകിട്ടാതെ വന്നപ്പോഴാണ് കുഞ്ഞിനെയുമായി നിലവിളിച്ചു കൊണ്ട് ഡോക്ടർമാരുടെ അടുത്തേക്ക് ഓടിയത്. ചികിത്സിക്കാനെത്തിയ ഡോക്ടർമാരിൽ ഒരാൾ വിറയ്ക്കുന്നുവെന്ന് പറഞ്ഞ് പിന്നിലേക്ക് മാറി. മറ്റൊരു ഡോക്ടറാണ് ഉടൻ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദേശിച്ചത്. ഞാൻ തന്നെയാണ് കുട്ടിയുമായി ഐസിയുവിലേക്കും ഓടിയത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഞങ്ങളെ വിട്ടുപോയി’ ആശ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യനില വഷളായപ്പോൾ പലതവണ നഴ്സിനെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ലെന്നും ആഷ ആരോപിക്കുന്നു.
അതേ സമയം ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണകാരണം ഡയഫ്രമാറ്റിക് ഹെർണിയ ആണെന്നാണു പ്രാഥമിക റിപ്പോർട്ടെന്നും കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.