തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയതിന് ശേഷം വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നടി ഹണി റോസ്. ‘ഒത്തിരി ആളുകള്‍ കുറേ വര്‍ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണിത്. ഒരു പ്ലാറ്റ്ഫോമില്‍ ജീവിക്കുന്ന ആളായതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ക്രൈമുകളെ അത്രത്തോളം പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഇതിന് ശേഷം സംഘടനകളിലുള്ളവരും രാഷ്ട്രീയക്കാരും വിളിച്ചു സംസാരിച്ചു. വലിയ പിന്തുണയാണ് ലഭിച്ചത്. ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ അടുത്തുവന്നിട്ട് നല്ല കാര്യമാണ് ചെയ്തത് എന്ന് പറയും. ചിലര്‍ പറയും അവര്‍ക്കും പെണ്‍മക്കളുണ്ടെന്ന്... അവര്‍ക്കാണ് ഒരുപാട് സംസാരിക്കാനുണ്ടാകുക. അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നും’ ഹണി റോസ് പറയുന്നു’. മനോരമ ന്യൂസ് നേരെ ചൊവ്വേയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ALSO READ: ആരെയും വേദനിപ്പിക്കാനല്ല; കേസ് കൊടുത്തതില്‍ പശ്ചാത്താപവുമില്ല: ഹണി റോസ് ...
‘അപ്പനായാലും അമ്മയാലും എനിക്ക് എപ്പോളും ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്നു നില്‍ക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കു കേട്ടിരുന്ന കാര്യമായിരുന്നു ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നത്. പക്ഷേ നമ്മളൊരു കാര്യം പുറത്തേക്ക് പറഞ്ഞാല്‍ അതുണ്ടാക്കാവുന്ന പ്രശ്നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്‍റെ പേരില്‍ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാക്സിമം മാറി നിന്നത്. പിന്നെ ഇത് ഒരിടത്ത് തുടങ്ങിയാല്‍ ഒരിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. പരാതി കൊണ്ട് ഞാന്‍ മുന്നോട്ട് വരുമ്പോളും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങിനെ അവസാനിപ്പിക്കും എന്നും അറിയില്ല. ഇതിന് ഒരു നിയമനിര്‍മാണം വേണ്ടി വന്നേക്കാം. അങ്ങിനെ ഒരു നിയമമുണ്ടെങ്കിലേ മാറ്റം വരികയുള്ളൂ’ ഹണി റോസ് പറയുന്നു. ALSO READ: 'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?' ...
‘ഒരു വിഷയം ഉണ്ടാകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് കേസ് കൊടുക്കുക എന്നല്ല. അവരോട് അത് ചെയ്യരുത് എന്ന് പറയും. അതില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് നാം ചെയ്യുന്നത്. പക്ഷേ വീണ്ടും വീണ്ടും ആവര്‍ത്തിക്കുയും കേസല്ലാതെ വേറൊരു മാര്‍ഗവുമില്ല എന്ന ചിന്ത ഉണ്ടാകുകയും ചെയ്യുമ്പോഴാണ് കേസുമായിട്ട് മുന്നോട്ട് പോകുന്നത്. ഇത്രയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സുള്ള ഒരു കാലത്ത് നമ്മള്‍ ഒരാളുടെ പേര് പറഞ്ഞ് അനാവശ്യമായ ഒരു വാക്കോ കമന്‍റോ ഇടുമ്പോള്‍ അതാളുകള്‍ ഏറ്റെടുക്കും. അവിടെ നടക്കുന്നത് ഒരാളെ ബലിയാടായി ഇട്ടുകൊടുക്കുകയാണ്. ജീവിതകാലം മുഴുവന്‍ ഇത് നമ്മളെ പിന്തുടര്‍ന്ന് ആക്രമിക്കും. തമാശമാത്രമാണ് ഇതെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ കഴിയില്ല. ഇത് നമ്മളെ മാത്രമല്ല, കുടുംബത്തെയും ബാധിക്കും. ഇതിനെ ഏത് രീതിയില്‍ ചെറുക്കണമെന്ന തയ്യാറെടുപ്പ് കുറേ നാളുകളായി തുടങ്ങിയതാണ്.’ ഹണി റോസ് പറഞ്ഞു.