സോഷ്യല്‍ മീഡിയ ഒന്നാകെ വൈറല്‍ നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്‍റെ വിശേഷങ്ങളാണ്. മക്കള്‍ അച്ഛന്‍ സമാധിയായി എന്ന് പറഞ്ഞതിന് പിന്നാലെ ട്രോളന്‍മാരുടെ പ്രധാന ഇരയാണ് നെയ്യാറ്റിന്‍കര ഗോപന്‍. സമാധിയെ ട്രോളിയുള്ള ഉല്‍സവ ഫ്ളോട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെയ്യാറ്റിന്‍കര ‘കുമ്പടിസ്വാമി’സമാധി എന്ന പേരിലാണ് ഫ്ലോട്ട്. ജഗതിശ്രീകുമാറിന്‍റെ ഹിറ്റ് കഥാപാത്രം കുമ്പടി സ്വാമിയുടെ ചിത്രം വച്ചാണ് സമാധി ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഇത് പൊളിച്ചുവെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.
അതേ സമയം ഗോപന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല. അതേ സമയം ഗോപന്‍ സ്വാമിയെ കൊതുക് പോലും കടിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും ദിവസവും കുളിക്കുന്നയാളാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ പറഞ്ഞു.