കോഴിക്കോട് ഫറോക്ക് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫിസിലെ പാര്‍ട്‌ടൈം സ്വീപ്പറായ പോക്കാട്ട് ഇന്ദിരയ്ക്ക് ഒരാഗ്രഹമേയുള്ളൂ, സ്വന്തമായൊരു വീട്. ആ സ്വപ്നത്തിനായി ഒപ്പം നില്‍ക്കുകയാണ് അവിടുത്തെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ ഹാജിറ. ഇന്ദിരയ്ക്ക് വീട് വയ്ക്കാനായി 5 ലക്ഷം രൂപ മുടക്കി നാല് സെന്‍റ് സ്ഥലം വാങ്ങുന്നതിന്‍റെ അവസാന നടപടികളിലാണ് ഹാജിറ.
2021ലാണ് ഹാജിറ ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫിസിലേക്ക് ജോലിക്കെത്തുന്നത്. ഇതേ സമയം തന്നെ പാര്‍ട്‍ടൈം സ്വീപ്പറായി ഇന്ദിരയുമെത്തി എത്തി. അങ്ങനെ അവരുടെ സൗഹൃദവും വളര്‍ന്നു. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വീടെന്ന ആഗ്രഹത്തിലേക്കെത്താന്‍ ഇന്ദിരയ്ക്കുള്ള ദൂരമേറെയാണെന്ന് മനസിലാക്കിയ ഹാജിറ തന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ പോലും വകവയ്ക്കാതെ കൈത്താങ്ങാവുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് മലപ്പുറം പുളിക്കലില്‍ ഹാജിറ സ്വന്തമായൊരു വീട് പണിഞ്ഞത്. അതിന്‍റെ കടബാധ്യതകള്‍ നിലനിലനില്‍ക്കുന്നുണ്ടെങ്കിലും ശമ്പളത്തില്‍ നിന്ന് മിച്ചംപിടിച്ച തുകയിലാണ് സ്ഥലം വാങ്ങാനൊരുങ്ങുന്നത്. ഹാജിറയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയായാണ് സഹപ്രവര്‍ത്തകയ്ക്ക് ഭൂമി കണ്ടെത്തിയത്. സ്വന്തമായി സ്ഥലമുണ്ടായാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാനാവുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. ഇന്ദിരയ്ക്ക് സ്ഥലം വാങ്ങുന്നത് വല്യ കാര്യമായി കാണുന്നില്ലെന്നാണ് ഹാജിറയുടെ മറുപടി.