മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ പദ്ധതിയുടെ ഭാഗമായി വിവാഹ ചെലവിനായി ബുദ്ധിമുട്ടുന്ന 100 പേർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരാണ് ‘സഹോദരിക്ക് ഒരു തരി പൊന്ന്’ എന്ന ക്യാംപയിനിലൂടെ തുക സമാഹരിച്ചത്. സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹ സാരികളും നൽകും.
‘മണവാട്ടിക്കൊരു പുടവ’ എന്ന പേരിലാണ് സഹോദരൻ പദ്ധതിയിലൂടെ ഈ വിവാഹ സമ്മാനം വിതരണം ചെയ്യുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ സ്മരണക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കം കുറിച്ച ജീവകാരുണ്യപദ്ധതിയാണ് സഹോദരൻ. 2022 ഫെബ്രുവരിയിൽ തുടക്കം കുറിച്ച പദ്ധതി വഴി ഇതിനോടകം 16 കോടി രൂപയുടെ സഹായം എത്തിച്ചു.