മന്ത്രിസഭായോഗത്തില്‍ രൂക്ഷമായ തര്‍ക്കം. പിഎസ്‌സി അംഗങ്ങളായി നിയമിക്കുന്നവരെച്ചൊല്ലി മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് എ.പി.അനില്‍കുമാറും സണ്ണി ജോസഫും രംഗത്തെത്തി. അഞ്ച് അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി വച്ചെന്നും ആരോടും ചര്‍ച്ചചെയ്തില്ലെന്ന് അനില്‍കുമാര്‍ ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം ചര്‍ച്ച ചെയ്തില്ല. നിങ്ങൾ ആരോട് എന്തു ചർച്ച ചെയ്തു എന്ന് എപി അനിൽ കുമാർ മുഖ്യമന്ത്രിയോട് ചോദിച്ചു. താനുമായി ചര്‍ച്ച ചെയ്തെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പലതും അറിയുന്നില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാതി. തര്‍ക്കത്തിനൊടുവില്‍ ഗുരുവായൂർ ദേവസ്വം നിയമനത്തില്‍ മന്ത്രിമാർക്കിടയിൽ സമവായമായി. അടുത്ത ഒഴിവുകൾ വരുമ്പോൾ വിശദമായ ചർച്ച ചെയ്യാമെന്ന ധാരണയില്‍ നിയമനങ്ങളിൽ ഒപ്പുവെച്ചു.  മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്. 

Also read: ബോർഡ്–കോർപറേഷൻ വിഭജനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം; അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് മൂന്നംഗങ്ങളെ നിയമിക്കാനുള്ള നീക്കത്തില്‍ മന്ത്രിസഭയില്‍ ഭിന്നത കഴിഞ്ഞ ദിവസങ്ങളിലാണ് മറ നീക്കി പുറത്തുന്നത്. മതിയായ ചര്‍ച്ച നടന്നില്ലെന്ന ആക്ഷേപത്തിന് പിന്നാലെ നിയമനത്തിന് അംഗീകാരം നല്‍കേണ്ട മന്ത്രിമാര്‍ ഫയലില്‍ ഒപ്പുവച്ചിരുന്നില്ല.  മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.മുരളീധരനും കെ.എ.തുളസിയും മാത്രമാണ് നിയമനം അംഗീകരിച്ചത്. തന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയില്‍ രമേശ് ചെന്നിത്തലയും ഇടഞ്ഞുനില്‍ക്കുകയാണ്. 

പാലക്കാട് ഡിസിസി മുന്‍ പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളായി നിയമിക്കാനുള്ള ഫയലാണ് ഭിന്നത കുടുങ്ങിയത്. ബാലചന്ദ്രനെ കൂടാതെ കെ.മുരളീധരന്റെ നോമിനിയായ ശിവനും ജീവനക്കാരുടെ പ്രതിനിധി അംഗമായി അഭിലാഷുമാണ് നിയമനപട്ടികയിലുള്ളത്. ഗുരുവായൂര്‍ ദേവസ്വം നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് നിയമനം അംഗീകരിക്കേണ്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഒന്‍പത് പേരാണ് മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍. ഇതില്‍ ദേവസ്വംമന്ത്രി കെ.മുരളീധരന്റെ അംഗീകാരത്തോടെ ലഭിച്ച ഫയല്‍ മുഖ്യമന്ത്രി ഒപ്പുവച്ച ശേഷമാണ് മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയത്. 

ഇതില്‍ കെ.എ.തുളസി മാത്രമേ ഒപ്പുവച്ചുള്ളു. നിയമനവിഷയത്തില്‍ രണ്ടു എതിര്‍പ്പുകളാണ് ഉയരുന്നത്. സി.വി.ബാലചന്ദ്രന്റെ നിയമനം കെ.സി.വേണുഗോപാല്‍ പക്ഷത്തിന്റെ താല്‍പര്യം കൂടി സംരക്ഷിച്ചുള്ളതാണ്. എന്നാല്‍, പേരുകള്‍ അന്തിമമാക്കുന്നതിന് മുന്നോടിയായി നേതൃതലത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് കെ.സി പക്ഷത്തിന്റെ പരാതി. ഗുരുവായൂര്‍ ദേവസ്വം മുന്‍ അംഗവും മുന്‍ ജീവനക്കാരനുമായ എന്‍. രാജുവിനെ തഴഞ്ഞതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന രാജുവിനെ അംഗമാക്കാനാവില്ലെന്ന നിലപാടിലാണ് ദേവസ്വംമന്ത്രി കെ.മുരളീധരന്‍. തര്‍ക്കം തുടരുമ്പോള്‍ കടുത്ത നിലപാടിലാണ് കെ.മുരളീധരന്‍. ഹിന്ദുമന്ത്രിമാരില്‍ എത്രപേര്‍ ഒപ്പിടണമെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നില്ലെന്നതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്നുമന്ത്രിമാരുടെ അംഗീകാരം ലഭിച്ച ഫയല്‍ ഉത്തരവായി ഇറക്കുമെന്ന നിലപാടിലാണ് ദേവസ്വംവകുപ്പ്. 

ENGLISH SUMMARY:

Kerala cabinet meeting dispute highlights intense friction as ministers openly criticize the Chief Minister over unconsulted PSC and Guruvayur Devaswom board appointments. The fierce disagreement within the ruling front exposed deep divisions regarding candidate selections and lack of prior discussions among cabinet members.