എല്‍പിഎസ്ടി നിയമനത്തില്‍ വീട്ടുവീഴ്ചയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍. അധ്യാപക – വിദ്യാര്‍ഥി അനുപാതം 1:25 ആക്കിയേക്കും. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതയും ചര്‍ച്ചയില്‍ ഉന്നയിക്കും. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

 

എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സുമായി ഇനിയൊരു ചര്‍ച്ചയുടെ സാഹചര്യമില്ലെന്ന് രണ്ടാഴ്ച മുന്‍പ് പറഞ്ഞ വിദ്യാഭ്യാസമന്ത്രിയാണ് പിന്നീട് നിലപാട് മയപ്പെടുത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണെന്നും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമെന്നും വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്‍ വ്യക്തമാക്കി. 

 

നിരാഹാരം തുടരുന്ന വളര്‍മതിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ അനുനയനീക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി തിരുവനന്തപുരം ജനറൽ ആശുപത്രി ഐസിയുവിലാണ്. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ  അതിജീവന പോരാട്ടം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഡിവിഷന്‍ ഫോള്‍ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്. 

ENGLISH SUMMARY: