കേന്ദ്ര സർക്കാരിന്റെ വിവാദ സ്കൂൾവിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ എല്‍ഡിഎഫ് സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടു പോയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. ആ നടപടി ശരിയായില്ല. ദുർബല നിമിഷത്തിൽ ഒപ്പിട്ടു പോയി. ബിആര്‍സി അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ശബളം കൊടുക്കണമായിരുന്നു. അന്ന് അതിനെ നഖശിഖാന്തം കോൺഗ്രസും മുസ്‌ലിം ലീഗും എതിർത്തു. ഭരണത്തിന് വേണ്ടി ഏന്ത് വൃത്തിക്കേടും ചെയ്യാം എന്ന നിലപാടാണ് ലീഗിന്റേതെന്നും  എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

 

പിഎം ശ്രീ വിഷയത്തില്‍ സിപിഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. ടിപി രാമകൃഷ്ണൻ പറഞ്ഞത് നല്ല നിലപാടാണ്. തെറ്റുകൾ തിരുത്താനുള്ള ആർജവം ഇടതുപക്ഷത്തിനേ ഉള്ളൂ .അതിന്റെ തെളിവാണ് ടി പി രാമകൃഷ്ണന്റെ പ്രസ്താവന . 

സിപിഐ ഈ വിഷയം മുൻപേ പറഞ്ഞതാണ്. ഇത് സിപിഐയുടെ പ്രത്യേകിച്ചുള്ള മഹത്വമല്ല, ഇടതുപക്ഷത്തിന്റെ ആകെ മഹത്വമാണ്. പി എം ശ്രീ നടപ്പിലാക്കാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. 

 

‘പിഎംശ്രീ’യിൽ കേരളം ഒപ്പിട്ടിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് എല്‍ഡിഎഫിന്റെ തിരുത്തല്‍ വരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു രഹസ്യമായി നടന്ന ഒപ്പിടൽ വിവാദമായതോടെ പദ്ധതി നടപ്പാക്കുന്നത് മരവിപ്പിച്ച നടപടി സർക്കാർ മാറിയിട്ടും തുടരുകയാണ്. ഉപാധികളോടെ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പുതിയ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും മരവിച്ച അവസ്ഥയിലാണ്.

 

കേന്ദ്ര വിദ്യാഭ്യാസനയത്തോടുള്ള എതിർപ്പു മൂലമാണ്, 2022 ൽ ആരംഭിച്ച പദ്ധതിയിൽനിന്നു പ്രതിപക്ഷ സംസ്ഥാനങ്ങൾ വിട്ടുനിന്നത്. എന്നാൽ, പദ്ധതിയിൽ ചേരാത്ത സംസ്ഥാനങ്ങൾക്ക് സമഗ്രശിക്ഷാ അഭിയാൻ (എസ്എസ്എ) വഴിയുളള മറ്റു കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസപദ്ധതികളുടെ ഫണ്ടും തടഞ്ഞായിരുന്നു കേന്ദ്രത്തിന്റെ സമ്മർദതന്ത്രം. കേരളത്തിൽ എസ്എസ്കെ (സമഗ്രശിക്ഷ കേരളം) പദ്ധതികൾ പലതും മുടങ്ങി. ഇതോടെ 2024 ൽ പദ്ധതിയിൽ ചേരാൻ സിപിഎമ്മും വിദ്യാഭ്യാസവകുപ്പും തീരുമാനിച്ചെങ്കിലും മന്ത്രിസഭായോഗത്തിൽ സിപിഐ എതിർപ്പുന്നയിച്ചതോടെ നടപ്പായില്ല. എന്നാൽ 2025 ഒക്ടോബർ രണ്ടാംവാരം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെയാണ് ഒപ്പിടാനുള്ള നടപടികൾ അതിവേഗത്തിൽ രഹസ്യമായി നടന്നത്.

 

ഒപ്പിടൽ പുറത്തായതോടെ സിപിഐ മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിൽക്കുന്നതടക്കം കടുത്ത നടപടികളിലേക്കു നീങ്ങി. ഇതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽനിന്നു സർക്കാർ പിൻതിരിഞ്ഞത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 7 അംഗ മന്ത്രിസഭാഉപസമിതിയെ പദ്ധതി പഠിക്കാൻ നിയോഗിച്ചു. റിപ്പോർട്ട് വരുംവരെ പദ്ധതി നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയാണെന്ന് കേന്ദ്രത്തിന് കത്തയച്ചെങ്കിലും സർക്കാരിന്റെ കാലാവധി തീരുംവരെ ഒരുതവണ പോലും സമിതി യോഗം ചേർന്നില്ല.

 

പുതിയ സർക്കാർ ഇതിനായി മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ രൂപീകരിച്ചത് നാലംഗ മന്ത്രിസഭാഉപസമിതിയാണ്. 2 തവണ യോഗം ചേർന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും എതിർസ്വരങ്ങൾ ഉയർന്നതോടെ അന്തിമറിപ്പോർട്ട് നൽകാതെ സമവായത്തിനു കാത്തിരിക്കുകയാണ് അവരും. 

 

ENGLISH SUMMARY:

PM Shri Kerala controversy highlights the LDF government's admission that signing the central education scheme was a mistake made in a weak moment. The article details the political fallout and the ongoing debate surrounding the implementation of the project in the state.