വിഭാഗീയത കഠിനമായ കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതിനൊപ്പം, ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റികൾ വിഭജിക്കുന്നതും പുനഃസംഘടിപ്പിക്കുന്നതും സംബന്ധിച്ചു പഠിക്കാൻ മൂന്നംഗ സമിതി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ചന്ദ്രബാബു, കെ.എച്ച്. ബാബുജാൻ എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആറാം തീയതി ചേർന്ന സെക്രട്ടേറിയറ്റ് കുട്ടനാട് പ്രശ്നം പരിഗണിച്ചെങ്കിലും നേതാക്കൾക്കു സിഐടിയു സംസ്ഥാന സമ്മേളനത്തിനു പോകേണ്ടതിനാൽ വിശദമായി ചർച്ച ചെയ്തിരുന്നില്ല. ഇന്നലെ കുട്ടനാട്ടിലെ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടറിയുടെ സാനിധ്യത്തിൽ വിശദമായി ചർച്ച ചെയ്തു. സംസ്ഥാന നേതൃത്വത്തിൽനിന്നു തോമസ് ഐസക്, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, സി.എസ്. സുജാത, സജി ചെറിയാൻ എന്നിവരും പങ്കെടുത്തു.
പലയിടത്തും വിഭാഗീയത ഇപ്പോഴും രൂക്ഷമായി തുടരുന്നതിനാലാണ് ഏരിയ കമ്മിറ്റികൾ വിഭജിക്കുന്നതും പുനഃസംഘടിപ്പിക്കുന്നതും സംബന്ധിച്ചു പഠിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കുട്ടനാട് ഏരിയ കമ്മിറ്റിക്കുപുറമെ തകഴിയിലും വിഭാഗീയത ശക്തമാണ്.
കടുത്ത നടപടി നേരിട്ട ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ. അശോകനെ വെളിയനാട് ലോക്കൽ കമ്മിറ്റിയിലേക്കും, ജി. ഉണ്ണിക്കൃഷ്ണനെ നീലംപേരൂരിലേക്കും, ഏരിയ സെക്രട്ടറി സി.ബി. ബ്രീവനെ രാമങ്കരിയിലേക്കുമാണു തരംതാഴ്ത്തിയത്. വിഭാഗീയത അവസാനിക്കാതെ ഇവരെ തിരിച്ചെടുക്കില്ലെന്നാണു നേതൃത്വം നൽകുന്ന സൂചന.
ഇപ്പോൾ നടപടി നേരിട്ടവരോടുള്ള വിയോജിപ്പു മൂലം ചിലർ മറ്റു പാർട്ടികളിൽ ചേർന്നതു സിപിഎമ്മിനു വലിയ ആഘാതമായിരുന്നു. ഒരു ഏരിയ കമ്മിറ്റിയംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിഎംപിയിലും മറ്റൊരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജെപിയിലുമാണു ചേർന്നത്. ഇവരുടെ നീക്കങ്ങൾ ഏരിയ നേതൃത്വം തിരിച്ചറിഞ്ഞു തടയിട്ടില്ലെന്ന വിമർശനവും ഉണ്ടായി.