അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തീരില്ല. നിലവിൽ 2027 ജനുവരി ഏഴിന് മുൻപായി തീർക്കാനാണ് ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് ഇനി രണ്ട് മാസത്തോളം സമയം അവശേഷിക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും പ്രവൃത്തികൾ പൂർത്തിയാകില്ല. അതിനാൽ പാത പൂർണമായി തുറന്നു കൊടുക്കുന്നത് അടുത്ത വർഷം മാർച്ച് വരെയോ ഏപ്രിൽ വരെയോ നീളാം.

ഉയരപ്പാതയിലേക്കു കയറാനും ഇറങ്ങാനുമായി ചന്തിരൂർ, പാട്ടുകുളങ്ങര എന്നിവിടങ്ങളിൽ 2റാംപുകളും നിർമിക്കുന്നുണ്ട്. തുറവൂരിലെ ഉയരപ്പാതയുടെ നിർമാണം, ഉയരപ്പാതയിലെ പെയ്ന്റിങ്, ഉയരപ്പാതയിലെ ഗർഡറുകൾ തമ്മിലുള്ള വിടവുകൾ നികത്തുന്നതിന്റെ പ്രവൃത്തികൾ തുടങ്ങിയവയാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. ഉയരപ്പാതയിലൂടെ വാഹനഗതാഗതം ആരംഭിക്കുമ്പോൾ പരിസര പ്രദേശങ്ങളിലുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന് ബ്രിജ് നോയ്സ് ബാരിയർ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. 

അരൂർ– തുറവൂർ ഉയരപ്പാതയുടെ പ്രവൃത്തികൾ 94% പിന്നിട്ടുകഴിഞ്ഞു. 13.23 കിലോമീറ്റർ നീളമുള്ള ഈ പാത ഒറ്റത്തൂണിൽ പണിയുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാതയാണ്. 9 മീറ്റർ ഉയരമുള്ള 364 തൂണുകളിലാണ് ഉയരപ്പാത നിർമിക്കുന്നത്. നിർമാണം 2026 ഫെബ്രുവരിയിൽ പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്കു കൈമാറണമെന്നായിരുന്നു നിർമാണക്കമ്പനിയുമായുള്ള കരാർ. എന്നാൽ പ്രതികൂല കാലാവസ്ഥയും നിർമാണ വേളയിലുണ്ടായ അപകടങ്ങളും ഡിസൈൻ മാറ്റവും മൂലം നിർമാണം വൈകി.

ENGLISH SUMMARY:

Aroor Thuravoor elevated highway project completion is delayed, with the National Highway Authority now expecting it to fully open by March or April. The 13.23-kilometer single-pillar flyover in Kerala has completed 94 percent of its construction work despite facing multiple hurdles.