കമ്യൂണിസ്റ്റ് പാർട്ടികളുടെ സമരചരിത്രം രേഖപ്പെടുത്തുന്ന പുതിയ പുസ്തകം പ്രസിദ്ധീകരിക്കാൻ സിപിഐ തീരുമാനം. പുന്നപ്ര-വയലാർ സമരചരിത്രം ഉൾപ്പെടെയുള്ള സുപ്രധാന പോരാട്ടങ്ങളിൽ സിപിഐ നേതാക്കൾ വഹിച്ച പങ്ക് ശരിയായി ചിത്രീകരിക്കുകയാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്.
പുസ്തക രചനയ്ക്കായി എല്ലാ ജില്ലകളിൽ നിന്നുമുള്ള ചരിത്രകാരന്മാരെയും മുതിർന്ന പാർട്ടി നേതാക്കളെയും നിയോഗിക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ചരിത്രസംഭവങ്ങളെ വസ്തുനിഷ്ഠമായി രേഖപ്പെടുത്താനും പാർട്ടി നേതാക്കളുടെ സംഭാവനകൾ അടയാളപ്പെടുത്താനുമാണ് ഈ നീക്കം.
പുന്നപ്ര-വയലാർ സമരചരിത്രവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.വി. തോമസിനെ അവഗണിച്ച് ചിന്താവാരിക ഇറക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം നിലയ്ക്ക് സമരചരിത്രം പുസ്തക രൂപത്തിൽ പുറത്തിറക്കാൻ സിപിഐ ഒരുങ്ങുന്നത് .