സംസ്ഥാനത്തെ അവയവദാന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അവയവദാന ഉപദേശക സമിതി മുന്നോട്ടുവെച്ച ശുപാർശകൾ നടപ്പാക്കണമെന്ന് ഹൈക്കോടതി. പരോപകാര അവയവദാനത്തിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കണമെന്നതാണ് സമിതിയുടെ പ്രധാന നിർദേശം. അവയവങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി സ്വാപ് കിഡ്നി ഡൊണേഷൻ സംവിധാനം ആരംഭിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയകളുടെ നിരക്കുകൾ കെ-സോട്ടോ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, ശസ്ത്രക്രിയകൾക്കുള്ള അനുമതി നടപടികൾ ലളിതമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുക, അവയവമാറ്റം ആവശ്യമായ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ശുപാർശകൾ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
അവയവം ലഭിക്കാത്തതിനെത്തുടർന്ന് വൃക്കരോഗബാധിതനായ പിതാവ് മരിച്ചതിന് പിന്നാലെ ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ 19കാരൻ അദ്വൈത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.