ബെന്നി ബഹനാൻ , ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്

  • പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിഥിലമായ എ ഗ്രൂപ്പ്

ബോര്‍ഡ് - കോർപറേഷൻ വിഭജനത്തിൽ കലാപകൊടി ഉയർത്തി എ ഗ്രൂപ്പ്. മുഖ്യമന്ത്രി വി.ഡി .സതീശനെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെയും പരാതി  അറിയിച്ചു.   അവഗണനയിൽ സഹികെട്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ പരാതി. ബോര്‍ഡ് - കോർപറേഷൻ വിഭജനത്തിൽ വിഷയത്തിൽ എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പ്രധാന  പരാതി.  എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ കൂടിയാലോചനകൾക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അതൃപ്തി അറിയിക്കും

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിഥിലമായ എ ഗ്രൂപ്പ്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ അവഗണിക്കപ്പെട്ടു തുടങ്ങിയ എ ഗ്രൂപ്പിൽ പ്രബലരായ നേതാക്കൾ (എം.എം.ഹസ്സൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ , പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ) പലതട്ടിൽ ഇപ്പോഴുമുണ്ട്. എന്നാൽ ഗ്രൂപ്പിനെ പൂർണമായി അവഗണിച്ചാണ് പുതിയ നേതൃത്വം മുന്നോട്ടുപോകുന്നതെന്നാണ് പരാതി. ഗ്രൂപ്പ് നേതൃത്വം പരാതി മുഖ്യമന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ്.  Also Read: 'ആദ്യം ചായക്കടകളിലെ ലഹരിക്കച്ചവടം തടയൂ, പിന്നെ ബാറുകളിലേക്ക് വരാം'; പൊലീസിനെ വിമർശിച്ച് ഹൈക്കോടതി

 

ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് നേതൃത്വം കടന്നുപോകുന്നത്. ബോർഡ് കോർപ്പറേഷൻ ചെയർമാന്മാരെയും  അംഗങ്ങളെയും വീതംവച്ച് എടുക്കുന്ന തിരക്കിലാണ് നേതൃത്വം. പഴയ എ ഗ്രൂപ്പ് സംവിധാനം കെ.സി.വേണുഗോപാലിനോട് കൂറു പ്രഖ്യാപിച്ചാണ് നിൽക്കുന്നതെങ്കിലും, അർഹമായ പ്രാതിനിധ്യം ഉറപ്പാക്കി എടുക്കാൻ ശ്രമിക്കുമ്പോൾ പുതിയ നേതൃത്വം ഗ്രൂപ്പിനെ പൂർണമായി അവഗണിക്കുന്നു എന്നാണ് നേതാക്കളുടെ പരാതി. ബോർഡ് കോർപ്പറേഷൻ വീതംവയ്ക്കാൻ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പ്രത്യേകം യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രമാണ് തീരുമാനമെടുക്കുന്നതെങ്കിൽ പ്രശ്നമില്ലെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിന്റെ ഭാഗമാകുന്നത് ഗ്രൂപ്പ് നേതാവായിട്ടാണെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. 

ഇപ്പോഴത്തെ പ്രശ്നം വ്യക്തമായി മനസ്സിലാകണമെങ്കിൽ കുറച്ചു ഫ്ലാഷ് ബാക്ക് കൂടി അറിയണം. - വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി വന്നശേഷം പാർട്ടിയിലെ നയപരമായി തീരുമാനങ്ങൾ എടുത്തിരുന്നത്, പ്രത്യേകിച്ച് അംഗീകാരം ഒന്നുമില്ലാത്ത ഒരു അലിഖിത കോർ കമ്മിറ്റിയാണ്.  ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ , രമേശ് ചെന്നിത്തല, വി.ഡി. സതീശൻ , കെപിസിസി അധ്യക്ഷനായ കെ.സുധാകരൻ തുടങ്ങിയവരായിരുന്നു അതിൽ അംഗങ്ങൾ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി എം.എം. ഹസ്സനാണ് ഈ കമ്മിറ്റിയുടെ ഭാഗമായത്. കെ.സുധാകരൻ അധ്യക്ഷപദവി ഒഴിഞ്ഞ് സണ്ണി ജോസഫ് അധ്യക്ഷനായപ്പോൾ ചെറിയ മാറ്റം വന്നു. വർക്കിങ് പ്രസിഡന്റുമാരായി കെ.സി. വേണുഗോപാലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എ.പി. അനിൽകുമാറും എ ഗ്രൂപ്പിന്റെ കാര്യങ്ങൾ നോക്കാൻ പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലും വന്നതോടെ കമ്മിറ്റിയിൽ ചെറിയ മാറ്റം വന്നു. പുതിയ നേതൃത്വം വന്ന് അധികം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പ് വരികയും ചരിത്ര ഭൂരിപക്ഷം നേടി അധികാരത്തിൽ വരികയും കൂടി ചെയ്തതോടെ പലരും മന്ത്രിമാരായി. അതോടെ പഴയ കോർ‌കമ്മിറ്റി സംവിധാനം ചരിത്രമായി. 

തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ എത്തിയതോടെ, ഇപ്പോൾ പഴയ എ ഗ്രൂപ്പ് സംവിധാനത്തെ ആരും ഓർക്കുന്നില്ല. പാർട്ടിയിലെ നയപരമായ തീരുമാനങ്ങൾ വി.ഡി.സതീശനും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പ്രത്യേകം യോഗം ചേർന്ന് എടുക്കുകയാണ്. അതായത് സതീശന്റെയും കെ.സി.വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പുകളുടെ താൽപര്യങ്ങളാണ് പൂർണമായി സംരക്ഷിക്കപ്പെടുന്നത്. എ ഗ്രൂപ്പിനെ കേൾക്കുന്നുമില്ല പരിഗണിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

ENGLISH SUMMARY:

The Congress A Group in Kerala is reportedly unhappy over being sidelined in the party's power-sharing arrangements following the Congress's return to government after ten years. With the death of former Chief Minister Oommen Chandy, the faction has lost much of its earlier influence. Its leaders allege that the current leadership is making key decisions, particularly regarding board and corporation appointments, without consulting or adequately representing the A Group. The faction has reportedly conveyed its concerns directly to the Chief Minister, raising fresh questions about internal factional equations in the Kerala Congress.