Kerala High Court

  • കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ലഹരിമരുന്ന് ഇടപാടുകൾ ബാറുകളിലല്ല, നഗരത്തിലെ ചില ചായക്കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ലഹരിമരുന്ന് ഇടപാടുകൾ ബാറുകളിലല്ല, നഗരത്തിലെ ചില ചായക്കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ആദ്യം ഇത്തരം ഇടപാടുകൾ തടയണം. അതിനുശേഷം ബാറുകളിലെ നിയന്ത്രണങ്ങളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി. രാത്രി 12 മണിക്ക് ശേഷമാണ് ലഹരിമരുന്ന് എത്തുന്നതെന്ന ധാരണ ശരിയല്ലെന്നും അതിനു മുന്‍പും ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ലഹരി വ്യാപനം തടയാൻ പൊലീസിങ് ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു. Also Read: രാമായണ'യുടെ സെറ്റില്‍ പൊട്ടിക്കരഞ്ഞു; വെളിപ്പെടുത്തി സായി പല്ലവി


കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന രാത്രികാല ഡിജെ പാർട്ടികൾ നിയന്ത്രിച്ചുകൊണ്ട് പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാൽ ചില ചായക്കടകളിൽ ലഹരിയിടപാടുകൾ നടക്കുന്നത് കാണാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തൂഫാൻ പരിശോധനയിൽ എത്ര ചായക്കടകൾ പിടിക്കപ്പെട്ടുവെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇത്തരം ഇടപാടുകൾ തടയുന്നതിലാണ് പൊലീസ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

രാത്രി 12 മണിക്ക് ശേഷം ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്ന കോടതിയുടെ ചോദ്യത്തിന്, ലഹരി ഉപയോഗം വ്യാപിക്കുന്നതാണ് നിയന്ത്രണത്തിന് കാരണമെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ രാത്രി 12 മണിക്ക് ശേഷമേ ലഹരിമരുന്ന് എത്തുകയുള്ളൂ എന്നാണോ സർക്കാർ പറയുന്നതെന്നും അതിനു മുന്‍പ് ലഹരി ഉപയോഗം നടക്കുന്നില്ലേയെന്നും കോടതി ചോദിച്ചു.

ലഹരി വ്യാപനം തടയാൻ ശക്തമായ പൊലീസിങ് നടപ്പാക്കണം. ഇക്കാര്യത്തിൽ കോടതിയുടെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ ഡിജെ പാർട്ടികൾക്ക് അനുമതി നൽകില്ലെന്ന് പൊലീസിന് ഏകപക്ഷീയമായി പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് മണിവരെ ബാറുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിൽ ലഹരി ഉപയോഗിക്കുന്നവരും അവിടെയെത്താൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജെ പാർട്ടികളിൽ പങ്കെടുക്കാനെത്തുന്നവർ ലഹരിമരുന്ന് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഹോട്ടൽ അധികൃതർക്കുണ്ട്. പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ അതിന്റെ ഉത്തരവാദിത്തം ബാർ ലൈസൻസിക്കായിരിക്കുമെന്നും കോടതി ഓർമിപ്പിച്ചു.

രാത്രികാല പാർട്ടികൾക്ക് പൂർണമായ നിരോധനമല്ല, മറിച്ച് കർശനമായ നിയന്ത്രണങ്ങളാണ് വേണ്ടതെന്നാണ് കോടതിയുടെ നിരീക്ഷണം. മദ്യപിക്കാൻ പ്രായമായിട്ടില്ലാത്തവരെ പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണോ പഞ്ചനക്ഷത്ര ബാറുകളിലുള്ളതെന്നും കോടതി വിമർശിച്ചു. പലയിടങ്ങളിൽനിന്നായി മദ്യപിച്ചെത്തി റോഡുകൾ കൈയടക്കുന്നവരുണ്ടെന്നും വാദത്തിനിടെ കോടതി പരാമർശിച്ചു. സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.

ENGLISH SUMMARY:

The Kerala High Court has raised concerns about alleged drug transactions at certain tea shops in Kochi, questioning why authorities are focusing on restrictions on late-night DJ parties instead of strengthening policing. Hearing the government's appeal in the Radisson Blu DJ party case, the court observed that drug-related activities do not occur only after midnight. It said hotels must ensure that partygoers do not bring drugs onto their premises and that bar licensees could be held responsible for drug use at their events. The court favoured strict regulation rather than a complete ban on late-night parties.