കൊച്ചിയിൽ നടന്ന യൂത്ത് ലീഗ് റാലിയുടെ പേരിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാക്കി മുസ്ലിം ലീഗ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മനോരമ ന്യൂസിനോട് പറഞ്ഞു. രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ എത്താത്തതും ചർച്ചയാണ്.
Also Read: സ്കൂളിനെ മുന്നില്‍ നിന്ന് നയിക്കേണ്ടവള്‍; ആരോടും ഒന്നും പറയാതെ മടങ്ങി ജുവല്‍; സങ്കടക്കടലായി വളയം
ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിർദ്ദേശപ്രകാരമാണ് യൂത്ത് ലീഗിന്റെ റാലി തിരക്ക് കുറഞ്ഞ റൂട്ടിലൂടെയാക്കിയത്. എന്നിട്ടും റാലിക്ക് ശേഷം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും പി.കെ. ഫിറോസും അടക്കമുള്ള നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. യുഡിഎഫിന്റെ ഭരണകാലത്ത് പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ പ്രതിയാക്കിയതിലാണ് പ്രതിഷേധം പുകയുന്നത്.
എൽഡിഎഫിന്റെ കാലത്ത് പോലും സമരങ്ങളുടെ പേരിലുള്ള കേസുകളിൽ നിന്ന് പാണക്കാട് നിന്നുള്ള നേതാക്കളെ മാറ്റി നിർത്തിയിരുന്നുവെന്നാണ് ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കിടയിലുള്ള അടക്കംപറച്ചിൽ. ഇടതുഭരണകാലത്ത് കോഴിക്കോട് നടന്ന വഖഫ് ബോർഡ് സമരത്തിന് നേതൃത്വം നൽകിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ മുനവറലി ശിഹാബ് തങ്ങളേയും കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നത്തല അടക്കമുളള നേതാക്കൾ പങ്കെടുക്കാത്തതും ചർച്ചയാണ്.
Also Read: ആൺസുഹൃത്തിനെ ഒഴിവാക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍; യുവതിയും സുഹൃത്തുക്കളും പിടിയില്‍
അതേസമയം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി റാലിയും പൊതുസമ്മേളനവും നടത്തിയെന്ന പരാതിയിൽ പി.കെ. ഫിറോസ് എംഎൽഎയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പൊതുയോഗവും പ്രകടനവും നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം.
ഫിറോസിന് പുറമെ എറണാകുളം ജില്ലാ കലക്ടർ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, ഐജി ഉൾപ്പെടെയുള്ളവരാണ് എതിർകക്ഷികൾ. ഗോശ്രീ പാലം പൂർണമായി തടസ്സപ്പെടുത്തി നവംബർ എട്ടിന് പൊതുയോഗം നടത്തി. ഇതേത്തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുള്ള പരിപാടി തടയാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം ജഹാംഗീർ ആണ് കോടതിയെ സമീപിച്ചത്.