പി.പി.ദിവ്യയുടെ ബെനാമി എന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനി എംഡിയുടേതെന്ന പേരിൽ പണമിടപാടിന്റെ സ്ക്രീൻഷോട്ടുകളും ശബ്ദ സന്ദേശവും പുറത്ത്. ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും കണ്ണൂരിലെയും കാസർകോട്ടെയും സിപിഎം നേതാക്കൾക്കും പണം അയച്ചതായാണ് സ്ക്രീൻഷോട്ട്. എന്നാൽ സ്ക്രീൻഷോട്ടുകളും ശബ്ദ സന്ദേശവും തന്റെതല്ല എന്നാണ് കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ വിശദീകരണം. പണം വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയരും പ്രതികരിച്ചു.
പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ടെൻഡർ ഇല്ലാതെ പദ്ധതികൾക്ക് കരാർ നൽകിയത് കാർട്ടൺ ഇന്ത്യ അലൈൻസ് കമ്പനിക്കാണ് എന്നാണ് കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉയർത്തിയിരുന്ന ആരോപണം. ഇത് ഉയർത്തിക്കാട്ടിയാണ് ദിവ്യയുടെ ബെനാമിയാണ് ഈ കമ്പനി എന്ന ആരോപണം ഉന്നയിച്ചിരുന്നത്. ഈ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റേത് എന്ന പേരിലാണ് ശബ്ദ സന്ദേശവും സ്ക്രീൻഷോട്ടുകളും പുറത്തുവന്നത്. ദിവ്യയുടെ സഹോദരൻ അനൂപ് , ഡ്രൈവർ വൈശാഖ് എന്നിവർക്കും കല്യാശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ. , വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ എന്നിവർക്ക് പണം അയച്ചതായാണ് സ്ക്രീൻഷോട്ടുകൾ. ഷാനവാസ് പാദൂർ പണത്തിനുവേണ്ടി ശല്യം ചെയ്യുന്നുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
എന്നാൽ പണം വാങ്ങിയിട്ടില്ല എന്നാണ് പി പി ദിവ്യയുടെ സഹോദരനും ഡ്രൈവറും പറയുന്നത്. പി പി ഷാജിറും ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും ആരോപണം നിഷേധിച്ചു. പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങിയിട്ടുണ്ടാകാം എന്നും അതിനെക്കുറിച്ച് ഓർമ്മയില്ല എന്നുമാണ് ഷാനവാസിന്റെ മറുപടി. അതേസമയം പുറത്തുവന്ന സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്നും ശബ്ദം തന്റെതല്ല എന്നും കാർട്ടൺ കമ്പനി എം ഡി മുഹമ്മദ് ആസിഫ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്ന മുഹമ്മദ് ശമ്മാസ് 5 ലക്ഷം രൂപ ദൂതൻ വഴി ആവശ്യപ്പെട്ടുവെന്നും ആസിഫ്
നിലവിൽ പുറത്തുവന്ന ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആസിഫ് പരാതി നൽകിയിട്ടുണ്ട്. പി പി ദിവ്യക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നാണ് മുഹമ്മദ് ഷമ്മാസ് പറയുന്നത്.