കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വിവിധ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയിൽ വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി പി.പി.ദിവ്യ. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും ദിവ്യ കുറിച്ചു. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെ, ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും, തനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

ദിവ്യയുടെ പേരിലോ ഭര്‍ത്താവിന്‍റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെയെന്നും അങ്ങനെ, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ തയാറാണെന്നും ദിവ്യ കുറിപ്പിലൂടെ വെല്ലുവിളിച്ചു. കാരണം അത്രത്തോളം ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് ദിവ്യയുടെ വാദം. അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല. രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. തനിക്കും തന്‍റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണമെന്നും ദിവ്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയതടക്കമുള്ള ആരോപണങ്ങളിലാണ് പരിശോധന. ഈ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയുണ്ട്. ജൂണിൽ ആഭ്യന്തര മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പി.പി.ദിവ്യയുടെ ഫെയ്സ്കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഉപ്പ് തിന്നവർ വെള്ളം കുടിക്കും…

ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു.

അന്വേഷണം നടക്കട്ടെ. സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല.

എന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.

എന്റെ ഭർത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല.

ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്.

അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല.

രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം. രാഷ്ട്രീയവിയോജിപ്പുകളുടെ പേരിൽ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്?

എന്നെ തകർക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ല. സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും.

ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടാകും.

എവിടേക്കും ഒളിച്ചോടില്ല.

അന്വേഷണത്തെ നേരിടും.

നിയമത്തിൽ വിശ്വസിക്കും.

കാണാം… കാത്തിരിക്കാം!

മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ  കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെ.

ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലെന്നു കരുതേണ്ട. എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ആരോപണങ്ങൾക്കും പിന്നിലെ താൽപര്യങ്ങൾക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്.

ജനകീയ മുഖംമൂടി ധരിച്ചു രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്നു മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും.

എന്റെ നിലപാട് വ്യക്തമാണ്:

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.

നിയമത്തെ ബഹുമാനിക്കുന്നു.

സത്യത്തിൽ വിശ്വസിക്കുന്നു.

അപവാദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല!

ഇവിടെയൊക്കെ തന്നെയുണ്ടാകും…

കാണാം! 

ENGLISH SUMMARY:

Former Kannur District Panchayat President P.P. Divya has taken to social media to welcome the newly initiated Vigilance inquiry into alleged financial irregularities during her tenure. Dismissing the accusations of corruption as baseless, she challenged complainants by stating she is willing to transfer any illegally acquired property to the complainant if found. Divya emphasized her full cooperation with the legal process and criticized the ongoing media trial targeting her and her family. She further asserted that she has nothing to hide and remains determined to fight the defamation legally.