t-veena-pinarayi-vijayan
  • ടി.വീണയെ സംരക്ഷിച്ചതില്‍ പിണറായിയെ ഇരുത്തി സിപിഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം.

ടി.വീണയെ സംരക്ഷിച്ചതില്‍ പിണറായിയെ ഇരുത്തി സിപിഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. സിഎംആര്‍എല്‍–എക്സാലോജിക് കേസില്‍ വീണയ്ക്ക് മാത്രം എന്തിനാണ് സംരക്ഷണമെന്നായിരുന്നു പ്രതിനിധികള്‍ ചോദിച്ചത്. എംഎല്‍എ ആയ വി.ജോയി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരുന്നതിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. Also Read: വനിതാമന്ത്രിയെ ചൊല്ലി ഡി.കെ– സിദ്ധരാമയ്യ പോര്; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി?


വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയില്ലെന്ന് കരുതിയ കണ്ണൂരിലെ കമ്മിറ്റിയില്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു പി.ബി അംഗം പിണറായിക്ക്. നേരിട്ട് പിണറായി പങ്കെടുക്കുന്നതിനാല്‍ വിമര്‍ശനങ്ങള്‍ കാര്യമായി ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെട്ടത്. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പിണറായി പരസ്യപ്രസ്താവന നടത്താന്‍ വൈകിയതിനെയും കമ്മിറ്റിയില്‍ വിമര്‍ശിച്ചിരുന്നു. ഇത് കൂടാതെയാണ് പിണറായിയുടെ മകള്‍ക്ക് പാര്‍ട്ടി കവചമൊരുക്കിയതിനെയും അംഗങ്ങള്‍ കുറ്റപ്പെടുത്തിയത്. മാടായി, ശ്രീകണ്ഠാപുരം, പാനൂര്‍ മേഖലകളിലെ അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ചതെന്നാണ് വിവരം.

വീണക്കെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ അക്രമമെന്ന് ചിത്രീകരിച്ചതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. വീണക്കെതിരെ അന്വേഷണം വന്നപ്പോൾ പാര്‍ട്ടി പ്രസ്താവനയിറക്കിയത് എന്തിനാണ്. കോടിയേരിയുടെയും വിഎസിന്‍റെയും മക്കള്‍ക്കെതിരെ കേസ് വന്നപ്പോള്‍ വ്യക്തിപരമായി നേരിടട്ടെയെന്നായിരുന്നു നിലപാട്. വീണയ്ക്ക് മാത്രം എന്തിനാണ് വ്യത്യസ്ത നിലപാടെന്നും ചോദ്യമുയര്‍ന്നു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി.ജോയിക്ക് എന്താണ് പ്രത്യേകത എന്നായിരുന്നു ചിലരുടെ വിമര്‍ശനം. എംഎല്‍എ ആയിട്ടും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നതിലാണ് അമര്‍ഷം. ലോക്കൽ സെക്രട്ടറി മുതലുള്ളവർ ഫുൾടൈം ആയി പ്രര്‍ത്തിക്കണമെന്നാണ് തീരുമാനം. ഇവിടെയൊക്കെ ജോലി രാജിവെച്ചാണ് ലോക്കൽ സെക്രട്ടറിമാർ ഫുള്‍ടൈം സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് എന്നും ജനപ്രതിനിധികൾ അവരവരുടെ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ജോയിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan reportedly faced criticism at the CPM's extended Kannur district committee meeting over the party's response to the CMRL–Exalogic case involving his daughter, T. Veena. Members questioned why the party appeared to take a different position in her case compared with cases involving the children of other CPM leaders. The meeting also saw criticism of V. Joy for holding both the post of Thiruvananthapuram district secretary and the position of Varkala MLA. The reported objections focused on consistency in the party's approach and the division of organisational responsibilities.