സിഎംആര്എല് എക്സാലോജിക് കൈക്കൂലിക്കേസില് പിണറായി വിജയന് ഇഡി സമന്സ്. അടുത്ത വെള്ളിയാഴ്ച ഹാജരാകാന് നിര്ദേശം. പിണറായിയെ ഇ.ഡി. ചോദ്യം ചെയ്യും. അതേസമയം, സിഎംആർഎൽ-എക്സാലോജിക് ഇടപാടില് വിജിലന്സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന് സുപ്രീം കോടതിയില്. പിണറായിക്കൊപ്പം മുഹമ്മദ് റിയാസും ടി.വീണയും ഹര്ജി നല്കി. ഹര്ജികള് അടുത്ത ആഴ്ച അവധിക്കാല ബെഞ്ച് രൂപീകരിച്ച് പരിഗണിച്ചേക്കും. പിണറായി വിജയന് 82 വയസായെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. Also Read: 'എല്ലാം നിന്റെ കൂട്ടുകാരായിരുന്നു'! ഭീരുക്കളും അത്യാഗ്രഹികളും പാര്ട്ടി വിട്ടെന്ന രാഹുലിന്റെ കമന്റിന് ഖര്ഗെയുടെ 'കുത്ത്'
ഹൈക്കോടതി ഡിവിഷനില് ബെഞ്ചില്നിന്ന് തിരിച്ചടി നേരിട്ട് മണിക്കൂറുകള്ക്കകമാണ് മുന് മുഖ്യമന്ത്രി പിണറായി വിജയനും മകള് ടി.വീണയും മുഹമ്മദ് റിയാസും സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് വിജിലന്സ് കേസെടുക്കാനുള്ള ഉത്തരവിനെതിരെയും ഡിവിഷന് ബെഞ്ച് അപ്പീല് നല്കാന് അനുമതി നിഷേധിച്ചതിനെതിരെയുമാണ് സുപ്രീം കോടതിയിലെ പ്രത്യേകാനുമതി ഹര്ജി.
പിണറായി വിജയനായി ഹാജരായ മുതിര്ന്ന ക്രിമിനല് അഭിഭാഷകന് സിദ്ധാർത്ഥ് ലൂത്ര ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഹര്ജിക്കാരന് 82 വയസായി, ഇതിനകം എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാല് അറസ്റ്റുള്പ്പെടെയുള്ള നടപടികള്ക്ക് സാധ്യതയുണ്ട്, കോടതി അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്ന് ലൂത്ര ആവശ്യപ്പെട്ടു. പ്രതിയുടെ ഭാഗം കേള്ക്കാതെയാണ് സിംഗിൾ ബെഞ്ച് കേസെടുക്കാന് ഉത്തരവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തെ ദസറ അവധിക്ക് ശേഷം കോടതി വീണ്ടും തുറക്കുമ്പോൾ, ഈ മാസം 26-നോ 27-നോ ഹര്ജി പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്രെ ആദ്യ പ്രതികരണം.
അടിയന്തര വാദം കേൾക്കണമെന്ന് ആവര്ത്തിച്ചുള്ള ആവശ്യത്തിനൊടുവില് അവധിക്കാലത്ത് തന്നെ ഹര്ജി പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് കോടതി. ജഡ്ജിമാരുടെ ലഭ്യതയനുസരിച്ച് അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് ആലോചിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. വീണ, റിയാസ് എന്നിവരുടെ ഹര്ജികളും സുപ്രീം കോടതിയില് ഉന്നയിച്ചു. സാധാരണ ഗതിയില് വളരെ അടിയന്തര പ്രധാന്യമുള്ള ഹര്ജികള് പരിഗണിക്കാനായാണ് ചെറിയ അവധിക്കാലത്ത് പ്രത്യേക ബെഞ്ചുകള് രൂപീകരിക്കാറുള്ളത്.