പാലക്കാട് പട്ടാപ്പകല്‍ തോക്കും കത്തിയും ചൂണ്ടി ജ്വല്ലറി കവര്‍ച്ച. പെരിങ്ങോട്ടുകുറുശിയിലെ ഇഷാന്‍ ഗോള്‍ഡിലാണ് മൂവര്‍ സംഘമെത്തി 20 പവന്‍ കവര്‍ന്നത്. ജ്വല്ലറിയിലെത്തിയ ആയുധ ധാരികളായ മൂന്ന് യുവാക്കള്‍ ജീവനക്കാരെ തോക്കും കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരുതവണ വെടിയുതിര്‍ക്കുകയും ചെയ്തു. ജീവനക്കാരും മോഷ്ടാക്കളുമായി തമ്മില്‍ പിടിവലിയുണ്ടായി. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെ കസേരകൊണ്ട് ജീവനക്കാരി നേരിട്ടതും ദൃശ്യങ്ങളില്‍ കാണാം.
മുഖം മറയ്ക്കാതെ എത്തിയ പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്നാണ് സൂചന. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയതായിരുന്ന പ്രതികള്‍. സ്വര്‍ണ മാല കാണിക്കണമെന്നാണ് മൂവരും ആവശ്യപ്പെട്ടത്. ആ സമയത്ത് രണ്ട് വനിതാ ജീവനക്കാര്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഉടമയുടെ വീടിനോട് ചേര്‍ന്നുതന്നെയാണ് ജ്വല്ലറി സ്ഥിതിചെയ്യുന്നത്.
സംശയം തോന്നിയ ജീവനക്കാര്‍ ഉടമയെ വിളിച്ചുവരുത്തി. പൊടുന്നനെ പ്രതികള്‍ തോക്കും കത്തിയും ഉയര്‍ത്തി ഭീഷണിപ്പെടുത്തി . തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന അഞ്ച് ട്രേകള്‍ എടുത്ത് ഇവര്‍ ജ്വല്ലറിക്ക് പുറത്ത് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാര്‍ പ്രതിരോധിച്ചു. ഇതിനിടെ ഒരു ട്രേ താഴെ വീണു. മറ്റ് നാല് ട്രേയുമായി പ്രതികള്‍ കടന്നു കളഞ്ഞു. തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനത്തിലാണ് പ്രതികളെത്തിയത്. മൂവരെയും കാത്ത് വാഹനത്തില്‍ ഡ്രൈവറും ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറിയില്‍ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തുകയാണ്.