കണ്ണൂര് കോര്പ്പറേഷന്റെ ദസറ ആഘോഷത്തില് രാജ്യസഭാ എം.പി സി സദാനന്ദനെ ക്ഷണിച്ചില്ലെന്ന പേരില് വിവാദം. യുഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നും ജില്ലക്ക് പുറത്തുനിന്നുള്ള എംപിമാരെ ക്ഷണിച്ചപ്പോള് കണ്ണൂര് ജില്ലക്കാരനായ എം.പിയെ ഒഴിവാക്കിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാര് ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പങ്കെടുത്തതാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും മേയര് പി ഇന്ദിര മനോരമ ന്യൂസിനോട് പറഞ്ഞു
കണ്ണൂരില് പൊടിപൊടിക്കുകയാണ് കോര്പ്പറേഷന്റെ ദസറ ആഘോഷം. അതിനിടയ്ക്കാണ് കല്ലുകടിയായി ബിജെപിയുടെ വിമര്ശനം. നോഡല് ജില്ല കണ്ണൂരായി തിരഞ്ഞെടുത്ത രാജ്യസഭാ എംപിയെ ഒഴിവാക്കിയതിന് പിന്നില് രാഷ്ട്രീയമെന്ന് ബിജെപി. കോര്പ്പറേഷന് കോടികളുടെ കേന്ദ്രവികസനം ലഭിക്കുന്നത് മേയര് മറക്കരുതെന്നും കോവിലുകളിലെ നവരാത്രി പരിപാടികളുടെ പ്രാധാന്യം ദസറ കൊണ്ട് കുറയ്ക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ്.
ബിജെപിയുടെ ഫണ്ടില് നിന്നല്ല കോര്പ്പറേഷന് പണം തരുന്നതെന്നും കേന്ദ്ര വിഹിതം ഔദാര്യമല്ലെന്നും മേയറുടെ മറുപടി. സദാനന്ദൻ എംപിയെ ദസറയിൽ വിളിക്കാത്തത് മനപ്പൂർവമല്ലെന്നും വിളിക്കേണ്ടതുണ്ടെന്ന് തോന്നിയില്ലെന്നും പി ഇന്ദിര. ദസറയുടെ പേരില് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടന്നുവെന്നും രണ്ട് ബാങ്കുകളില് നിന്ന് കോര്പ്പറേഷന് പണം സ്വീകരിച്ചതില് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.