സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷബഹളം. ആശുപത്രികളിൽ മരുന്നും ഡോക്ടർമാരുമില്ലെന്നും ഇത് സർക്കാരിന്റെ പിടിപ്പുകേടിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എന്നാൽ സംസ്ഥാനത്ത് നിലവിൽ മരുന്ന് ക്ഷാമമില്ലെന്നും നേരിയ കുറവ് നേരിട്ട ചില മരുന്നുകൾ പ്രാദേശികമായി വാങ്ങി പ്രതിസന്ധി പരിഹരിച്ചെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിശദീകരണം. Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്ക്കോ'; പരിഹസിച്ച് ഡി.കെ
മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര് രൂക്ഷമായത്. സംസ്ഥാനത്ത് നിലവിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. ചിലമരുന്നുകൾക്ക് ചെറിയ തോതിൽ ക്ഷാമം നേരിട്ടിരുന്നുവെന്നും പ്രാദേശികമായി മരുന്നുകൾ വാങ്ങി പ്രശ്നം പരിഹരിച്ചെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
മരുന്ന് സംഭരണത്തിലും വിതരണത്തിലും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ അലംഭാവമാണ് മരുന്ന് ക്ഷാമത്തിന് കാരണമായതെന്നും ഇപ്പോൾ അത്തരമൊരു പ്രതിസന്ധിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അധികാരനഷ്ടത്തിന്റെ സങ്കടം മാറ്റാനുള്ള മരുന്ന് സ്റ്റോക്കില്ലെന്നും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ മരുന്നും ഡോക്ടർമാരും ലഭ്യമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് ജനദ്രോഹപരമാണ്. ചില മരുന്നുകൾക്ക് കുറവുണ്ടായിരുന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മരുന്നുകളുടെ സംഭരണവും വിതരണവും തടസ്സപ്പെട്ടത് ഭരണപരമായ വീഴ്ചയാണെന്നും ഇതിന് പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആരോഗ്യമേഖലയിലേക്ക് വൻകിട കോർപ്പറേറ്റുകളെ കടത്തിക്കൊണ്ടുവരാനും പൊതുജനാരോഗ്യ സംവിധാനം അവർക്ക് അടിയറവയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള സർക്കാർ വിശദീകരണത്തിൽ തൃപ്തരാകാതെ ബഹളംവച്ച പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.