തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നേരിടുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ ഒഴികെ എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകള്‍ കാരണം കോടിക്കണക്കിന് വോട്ടർമാര്‍ക്ക് വോട്ടവകാശ നിഷേധിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. Also Read: ഡല്‍ഹി ജയിലില്‍; ഗ്യാനേഷിന് രക്ഷപെടാനാകില്ല; ഞങ്ങള്‍ വെറുതെ വിടില്ല: രാഹുൽ ഗാന്ധി
ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയില്‍ ക്രമക്കേട് നടത്തുന്നത് ജനവിധി അട്ടിമറിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട സ്വാധീനത്തിന് വഴങ്ങാതെ തികച്ചും നിഷ്‌പക്ഷമായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും നിയമസഭാപ്രമേയം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പു കമ്മിഷനെ അപകീർത്തിപ്പെടുത്താനുള്ള തൽപ്പര കക്ഷികളുടെ ശ്രമത്തെ അപലപിക്കുന്നു എന്നുകൂടി ഉൾപ്പെടുത്തണമെന്ന് ബി.ജെ. പിയുടെ വി.മുരളീധരൻ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ ബിജെപി അംഗം ബി.ഗോപകുമാർ സിപിഎമ്മിലെ സജി ചെറിയാൻ, എം.ലിജിൻ എന്നിവരെല്ലാം കൊണ്ടു വന്ന ഭേഭഗതികൾ സർക്കാർ സ്വീകരിച്ചില്ല. കേരളത്തിൽ 24 ലക്ഷം വോട്ടര്‍മാരെ പുറത്താക്കി, ചീഫ് ഇലക്ട്രൽ ഓഫീസർമാർക്കെതിരെ നടപടി വേണം എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവിന്റെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി. രാഷ്‌ട്രീയ പ്രേരിതമായ ഭേദഗതികൾ തള്ളുന്നു എന്നും രാജ്യതാല്‍പര്യത്തിനൊപ്പം കേരള നിയമസഭ നിൽക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നിയമസഭയിലേക്ക് മാർച്ച് ചെയ്തു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ പകർപ്പ് മാർച്ചിനിടെ ബി.ജെ.പി നേതാക്കൾ കത്തിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എം.എൽ എമാരായ വി.മുരളീധരൻ, ബി.ബി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി വി. ഡി. സതീശൻ ചട്ടം 118 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന്‍റെ പൂര്‍ണരൂപം:
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകളും, ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ്. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും രാജ്യത്തുടനീളം ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ (Special Intensive Revision) പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുൻകൂട്ടിയുള്ള അറിയിപ്പുകളോ ഇല്ലാതെ, ലക്ഷക്കണക്കിന് അർഹരായ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതികൾ ഉയർന്നിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, യുവവോട്ടർമാർ എന്നിവരുടെ വോട്ടവകാശം സാങ്കേതിക തിരിമറികളിലൂടെയും അപാകതകളിലൂടെയും കവർന്നെടുക്കപ്പെടുന്നത് ജനാധിപത്യപരമായ തത്ത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ കാരണം അർഹരായ നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും, ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 1950-ലെ ജന പ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളും അനുസരിച്ച് ലോക്സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ ഇല്ലാതാക്കിയെന്നതും; 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമായി ഫാറം 6 ഭേദഗതി വരുത്തിയെന്നതും; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നടപടികളിൽ കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വോട്ടർപട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ, ജനപ്രാതിനിധ്യ നിയമത്തിനും ഇലക്ട്രൽ രജിസ്ട്രേഷൻ ചട്ടങ്ങൾക്കും അനുസൃതമായി പൗരന്‍റെ വോട്ടവകാശം സംരക്ഷിക്കുന്ന രീതിയിൽ നിയമപരമായും സുതാര്യമായും പ്രവർത്തിപ്പിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു. പ്രസ്തുത അപാകതകൾ പരിഹരിക്കുന്നതിനും, അർഹരായ മുഴുവൻ ആളുകളുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പൂർണ്ണമായും നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കമ്മീഷന്റെ നിലവിലെ പ്രവർത്തനങ്ങൾ അതിന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. വോട്ടർപട്ടികയിൽ ക്രമക്കേട് നടക്കുന്നത് ജനവിധിയെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന് പരമോന്നത കോടതി വിധിച്ചിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിലൂടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുള്ള രീതിയിൽ സെലക്ഷൻ കമ്മിറ്റി മാറ്റിയത് സ്ഥാപനത്തിന്‍റെ നിഷ്പക്ഷത തകർത്തു. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതിക്ക് മാത്രമേ സ്വതന്ത്രരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ടെത്താൻ സാധിക്കുകയുള്ളു. ആയതിനാൽ കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പൂനഃസംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കണം.
കമ്മീഷന്റെ നിഷ്പക്ഷതയിൽ ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, വിശ്വാസ്യത നിലനിർത്താൻ ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ആയതിനാൽ, ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി-
i. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണം
ii. ആരോപണവിധേയനായ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും;
iii. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്നും
സഭ തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസർക്കാരിനോടും അഭ്യർഥിക്കുന്നു.