• ഇന്നോ തിങ്കളാഴ്ചയോ വിജിലൻസ് സംസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യും. കേസില്‍ പിണറായി ഒന്നാം പ്രതിയും മുഹമ്മദ് റിയാസ് രണ്ടും ടി.വീണ മൂന്നും പ്രതിയാകും

സിഎംആർഎൽ - എക്സാ ലോജിക് സാമ്പത്തിക ഇടപാടിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉടൻ കേസെടുക്കും. ഹൈക്കോടതി ഉത്തരവനുസരിച്ച് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്നോ തിങ്കളാഴ്ചയോ വിജിലൻസ് സംസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യും. കേസില്‍ പിണറായി ഒന്നാം പ്രതിയും മുഹമ്മദ് റിയാസ് രണ്ടും ടി.വീണ മൂന്നും പ്രതിയാകും. റിയാസിന്റെ സുഹൃത്തുക്കൾ അടക്കം 13 പേരെയാകും ആദ്യഘട്ടത്തിൽ പ്രതിചേർക്കുക. 

സിഎംആർഎൽ കമ്പനി പ്രതിനിധികളും പ്രതി പട്ടികയിൽ ഉൾപ്പെടും. അതേസമയം പിണറായി വിജയനെതിരായ കൈക്കൂലി ആരോപണത്തിലും റിയാസിനെതിരായ അനധികൃത സ്വത്ത് സമ്പാദനത്തിലും രണ്ട് പ്രത്യേക കേസുകൾ എടുക്കണോ എന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തതിന്‍റെ പ്രാഥമിക വിവരങ്ങള്‍ ഇഡിയുടെ കത്തിലുണ്ട്. സാധാരണഗതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായതിനെക്കാള്‍ കൂടുതലാണ് ഇഡി നല്‍കിയിരിക്കുന്ന വസ്തുതകളുടെ സ്വഭാവവും വ്യാപ്തിയും. പ്രാഥമികാന്വേഷണത്തിലൂടെ കൂടുതലായി ഇനി വസ്തുതകള്‍ ശേഖരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

റിവിഷന്‍ ഹര്‍ജി തള്ളിയതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം വിവരങ്ങള്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി ഡിജിപിക്ക് കൈമാറിയത്. അതിനാല്‍ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ഉത്തരവുകള്‍ ഫലപ്രദമായ അന്വേഷണത്തിന് തടസമല്ലെന്നും കോടതി വ്യക്തമാക്കി. 

ENGLISH SUMMARY:

The Kerala government is preparing to register a vigilance FIR in connection with the alleged financial transactions between Cochin Minerals and Rutile Limited (CMRL) and Exalogic Solutions, following a Kerala High Court directive based on a letter from the Enforcement Directorate (ED). According to the report, Chief Minister Pinarayi Vijayan is expected to be named as the first accused, followed by P.A. Mohammed Riyas and T. Veena, along with other individuals and CMRL representatives. The Vigilance Department is also examining whether separate cases should be registered over the alleged bribery involving Vijayan and alleged disproportionate asset accumulation involving Riyas. The High Court directed an investigation under the Prevention of Corruption Act, observing that the information provided by the ED was sufficient to register an FIR without requiring a preliminary inquiry to gather further facts.