• കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി കടുപ്പിച്ച് ഡല്‍ഹി പൊലീസ്. വീണ്ടും സിപിഎം ഓഫീസിലെത്തി. ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയിലാക്കി

ഡൽഹി സിപിഎം ഓഫിസിൽ വീണ്ടും പൊലീസെത്തി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായാണ് പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഎം നേതാക്കളും നിരവധി എസ്എഫ്ഐ പ്രവർത്തകരും പാർട്ടിയുടെ പഠനകേന്ദ്രമായ ഹർകിഷൻ സിങ്‌ സുർജിത് ഭവനിൽ തമ്പടിച്ചിട്ടുണ്ട്. ഇവരെ തേടിയാണ് പൊലീസ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞദിവസവും പൊലീസ് സുർജിത് ഭവനിൽ എത്തിയത് വിവാദമായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അരുൺ കുമാർ, വിജു കൃഷ്ണൻ എന്നിവരും എ.എ റഹിം എംപിയും പ്രതിരോധിച്ചതോടെ പൊലീസ് മടങ്ങിപ്പോവുകയായിരുന്നു.

ഇടത് പാർട്ടികളുടെ പിന്തുണയോടെയാണ് സിജെപി സമരം നടത്തുന്നത്. ഇന്ന് നടക്കേണ്ട സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വേണ്ടെന്നുവച്ചിരുന്നു. പിണറായി വിജയൻ അടക്കം നേതാക്കൾ സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ഓഫിസുകളിലും നേതാക്കളുടെ വസതികളിലും പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെ പൊലീസ് കടത്തിവിടില്ല. 

45 മെട്രോ സ്റ്റേഷനുകൾ ഇന്ന് വൈകിട്ട് ആറുമണി വരെ അടച്ചിടും. നൂറുകണക്കിന് ട്രെയിൻ സർവീസുകളും റദ്ദാക്കി. കര്‍ത്തവ്യപഥിന്‍റെയും ജന്‍പഥിന്‍റെയും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് രാത്രി 10 മണി വരെ ഇന്‍റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. പരമാവധി ഏഴായിരം പേർ ഡൽഹിയിൽ പ്രതിഷേധിക്കാനെത്തുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പ്രതിഷേധിക്കാൻ അനുമതി കൊടുത്താൽ ജന്തർ മന്തറിൽനിന്ന് പാറ്റകൾ ഒഴിഞ്ഞുപോകില്ല എന്നാണ് വിലയിരുത്തൽ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള സിജെപിയുടെ ആദ്യ സമരം വിജയമായിരുന്നു.

അതിനിടെ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാനായി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. എന്‍എസ്‌യുഐ, എംഎസ്എഫ് വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  

Police Return to Delhi CPM Office; Jamia Students Reportedly Detained Ahead of Protest:

Police arrived at the Delhi CPM office again ahead of a protest organised by the Cockroach Janata Party (CJP), with Left parties extending their support to the agitation. CPM leaders and SFI activists have reportedly gathered at Harkishan Singh Surjeet Bhawan, while senior leaders, including Pinarayi Vijayan, are expected to participate in the protest demanding Union Education Minister Dharmendra Pradhan’s resignation. Authorities have announced security restrictions, including the closure of 45 metro stations until 6 pm, the cancellation of hundreds of train services, and a temporary internet shutdown in areas around Kartavya Path and Janpath until 10 pm. Meanwhile, reports say Jamia Millia Islamia University students belonging to NSUI and MSF were taken into police custody to prevent them from participating in the protest at Jantar Mantar.