കേരളത്തിൽ ആദ്യമായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി (Black Panther) കുടുങ്ങി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട കൂടൽ കുളത്തൂമൺ മേഖലയിൽ മാസങ്ങളായി നാടിനെ ഭീതിയിലാഴ്ത്തിയ കരിമ്പുലിയാണ് ഒടുവിൽ വനപാലകരുടെ കൂട്ടിലായത്. മേഖലയിൽ വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിക്കുകയും ജനവാസമേഖലകളിലും സ്കൂൾ ബസിന് മുന്നിലും വരെ ചാടിവീണ് ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിക്കുകയായിരുന്നു. ഇത്തരത്തിൽ വനംവകുപ്പിന്റെ കൂട്ടിൽ കരിമ്പുലി അകപ്പെടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യത്തെ സംഭവമാണ്.

നേരത്തെ പ്രദേശവാസികൾ പുലിയെ കാണുന്ന സമയത്ത് ഇതിനൊപ്പം ഒരു പുള്ളിപ്പുലി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ ഓർമ്മിക്കുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ കരിമ്പുലിയാണ് ഇപ്പോൾ കൂട്ടിലായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുളത്തൂമൺ, കൂടൽ മേഖലകളിൽ നിന്ന് പിടികൂടുന്ന നാലാമത്തെ പുലിയാണിത്. കാടിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് ഇനിയും കൂടുതൽ പുലികൾ തമ്പടിച്ചിട്ടുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ. ഒരു പുലിയെയെങ്കിലും പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

പിടിയിലായ കരിമ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രാഥമികമായി പരിശോധിച്ചു. സാധാരണ പുള്ളിപ്പുലികളിൽ മെലാനിൻ പിഗ്മെന്റിന്റെ (Melanin Pigment) വർദ്ധനവ് മൂലമാണ് കറുപ്പ് നിറം ഉണ്ടാകുന്നതെന്നും സൂക്ഷിച്ചുനോക്കിയാൽ ശരീരത്തിൽ ചെറിയ പുള്ളികൾ കാണാൻ സാധിക്കുമെന്നും വനപാലകർ വ്യക്തമാക്കി.

വിശദമായ വിദഗ്ധ വൈദ്യപരിശോധനകൾക്ക് ശേഷം പുലിക്ക് മറ്റ് പരുക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തി ആളപായമില്ലാത്ത ഉൾവനത്തിലേക്ക് തുറന്നുവിടും. പ്രദേശത്ത് കൂടുതൽ നിരീക്ഷണങ്ങളും പരിശോധനകളും തുടരുമെന്ന് വനപാലകർ അറിയിച്ചു.

ENGLISH SUMMARY:

In a first-of-its-kind incident for Kerala, a black panther was successfully trapped in a cage set up by the Forest Department at Koodal in Pathanamthitta district. The panther had been terrorizing local residents for months by preying on domestic animals and venturing into human habitations. Following the capture, forest officials conducted preliminary health checks and clarified that black panthers are leopards with excess melanin pigment. Authorities plan to release the healthy animal into deep forest areas after a thorough medical examination while maintaining close surveillance in the region.