രാജ്യമൊട്ടാകെ ഗുരുതരമായ വോട്ട് കൊള്ളയും വോട്ടർപട്ടിക ക്രമക്കേടുകളും നടക്കുന്നതായി ആരോപിച്ച് ഇന്ത്യാ സഖ്യം (INDIA Bloc) നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. പ്രതിപക്ഷ നേതാക്കളുടെ പരാതി കേട്ട രാഷ്ട്രപതി, വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടികളിൽ തന്റെ ഭരണഘടനാപരമായ അധികാരം പ്രയോഗിച്ച് അടിയന്തരമായി ഇടപെടണമെന്ന് പ്രതിനിധി സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

രാജ്യത്ത് വോട്ട് ക്രമക്കേട് നടക്കുന്നില്ലെന്ന് രാഷ്ട്രപതി പറഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളുണ്ടോ എന്ന് രാഷ്ട്രപതി ചോദിച്ചുവെന്നും തെളിവുകൾ ഹാജരാക്കാമെന്ന് മറുപടി നൽകിയതായും സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഏറെ പ്രതീക്ഷ നൽകുന്ന കൂടിക്കാഴ്ചയാണ് നടന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനാധിപത്യവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി അടുത്ത ഘട്ടമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഇന്ത്യാ സഖ്യം നേരിട്ട് നിവേദനം നൽകും.

പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ ഡൽഹി പൊലീസ് ബാരിക്കേഡുകൾ നിരത്തിയും വടംകെട്ടിയും തടഞ്ഞിരുന്നു. തുടർന്നാണ് പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, എ.എ. റഹീം ഉൾപ്പെടെയുള്ള എം.പിമാർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.

ENGLISH SUMMARY:

A delegation of INDIA bloc leaders met President Droupadi Murmu to raise serious allegations regarding widespread voter list irregularities and alleged electoral fraud across the country. Following the meeting, Leader of Opposition Rahul Gandhi stated that the President listened to their concerns and asked for concrete evidence regarding the matter, which the opposition agreed to submit. The opposition leaders urged the President to exercise her constitutional authority to intervene immediately and safeguard India's democratic system. Additionally, the INDIA bloc announced plans to escalate their campaign by submitting a formal memorandum to the Chief Justice of India and demanding the immediate resignation of Chief Election Commissioner Gyanesh Kumar.