പി.ജെ.ജോസഫിന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി മോന്‍സ് ജോസഫ് മുഖ്യമന്ത്രിയെ കണ്ടു. അതേസമയം, ബോര്‍ഡ് കോര്‍പറേഷന്‍ വീതംവയ്പില്‍ ഉറ്റുനോക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക ഘടകക്ഷികള്‍ കോണ്‍ഗ്രസിന് കൈമാറി. ക്യാബിനറ്റ് കൂടി ലഭിച്ച മുസ്ലിം ലീഗ് ഇരുപത് സ്ഥാപനങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 

മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീറിനും ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍സെക്രട്ടറി ജി.ദേവരാജനും ക്യാബിനറ്റ് പദവികള്‍ ലഭിച്ചതോടെയാണ് പി.ജെ.ജോസഫിനായി കേരളാ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് മാറി നിന്ന ഘട്ടത്തില്‍ തന്നെ ജോസഫിന് ക്യാബിനറ്റ് പദവി നല്‍കാമെന്ന ധാരണയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മോ‍ന്‍സ് ജോസഫ് ഓര്‍മിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ലഭിച്ചത് പത്ത് അധ്യക്ഷ സ്ഥാനങ്ങളാണെങ്കില്‍ ഇത്തവണ ഇരുപത് സ്ഥാപനങ്ങളുടെ പട്ടികയാണ് കേരളാ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. അന്ന് കെ.എം.മാണി കൂടിയുള്ള പാര്‍ട്ടിയാണെന്ന് ഓര്‍മിപ്പിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ കേരളാ കോണ്‍ഗ്രസില്‍ ഏഴ് സ്ഥാനങ്ങള്‍ നല്‍കി ഒതുക്കാനാണ് ശ്രമിക്കുന്നത്. 

അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമേ ക്യാബിനറ്റ് പദവി കൂടി ലഭിച്ച ലീഗ് ഇരുപത് സ്ഥാപനങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കിയിരുന്ന ആര്‍.എസ്.പി (ബി) മാത്രമായിരുന്ന പ്പോള്‍ കിട്ടിയത് പോരെന്ന് നിലപാടുള്ള ആര്‍.എസ്.പി പതിനഞ്ച് അധ്യക്ഷ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് പട്ടിക കൈമാറി. കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പത്ത് പദവികള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന മാണി സി. കാപ്പന്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷിയിലാണ്. 

സി.എം.പി, ജെ.എസ്.എസ് ഉള്‍പ്പെടെ ഘടകക്ഷികളും പട്ടിക കൈമാറിയപ്പോള്‍ മുന്നണിയിലെ അസോഷ്യേറ്റ് അംഗത്വമുള്ള പി.വി.അന്‍വര്‍ ഉള്‍പ്പെടെ ചിലരും പദവികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, സ്വന്തം നിലയ്ക്ക് 62 എം.എല്‍.എമാരുള്ള സാഹചര്യത്തില്‍ കൂടുതല്‍ പദവികള്‍ ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. പ്രധാന സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. 

ENGLISH SUMMARY:

P.J. Joseph cabinet rank is a strong demand from Kerala Congress, pushing for ministerial positions within the coalition government. This push for cabinet rank is intensifying as other parties secure positions, creating a dynamic political landscape in Kerala.