• ബി.ജെ.പി പ്രവേശനം തെറ്റായിപ്പോയെന്നും അന്ന് താൻ എടുത്ത തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന തിരിച്ചറിവിലാണ് തിരിച്ചുവരവിന് തയ്യാറായതെന്നും പത്മജ വ്യക്തമാക്കി

കോണ്‍ഗ്രസ് വിട്ടപ്പോള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രവര്‍ത്തകരോട് മാപ്പുപറഞ്ഞ് പത്മജ വേണുഗോപാല്‍. ബി.ജെ.പി പ്രവേശനം തെറ്റായിപ്പോയെന്നും അന്ന് താൻ എടുത്ത തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച   കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന തിരിച്ചറിവിലാണ് തിരിച്ചുവരവിന് തയ്യാറായതെന്നും  പത്മജ വ്യക്തമാക്കി. മടക്കം പദവി മോഹിച്ചല്ല. പല തലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിയുന്നു.  എന്‍റെ വാക്കുകള്‍ മുറിവേല്‍പ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നതായും പത്മജ ഫെയ്സ്‌ ബുക്കില്‍ കുറിച്ചു. 

 

 

പത്മജ വേണുഗോപാലിന്റെ കുറിപ്പ് പൂര്‍ണരൂപം

 

വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.

 

പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.

 

ENGLISH SUMMARY:

Padmaja Venugopal has publicly apologised to Congress workers for her remarks after leaving the party and admitted that joining the BJP was a mistake. She acknowledged that her decision had hurt the supporters of her father, former Kerala Chief Minister K. Karunakaran, and Congress workers. Clarifying that she is not seeking any political position, Padmaja said her only ambition is to become a Congress worker again. She also expressed her wish to visit her father's memorial with Congress workers on his death anniversary next month.