File image
മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കണ്ട് പരാതി ഉന്നയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചക്ക് ഇതുവരെയും സമയം അനുവദിച്ചിട്ടില്ല. ഇന്ന് സംസ്ഥാന ചുമതലയുള്ള ദീപദാസ് മുൻഷിയെ കണ്ടു പരാതി അറിയിച്ചേക്കും. അതേസമയം അടൂർ പ്രകാശുമായി മന്ത്രി അനൂപ് ജേക്കബ് ഡൽഹിയിലെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി. സൗഹൃദസന്ദര്‍ശനം മാത്രമെന്നും രാഷ്ടീയം ചര്‍ച്ചയായില്ലെന്നും അനൂപ് ജേക്കബ്
എഐസിസി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സണ്ണി ജോസഫും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. കാര്യങ്ങള്‍ നേതൃത്വത്തിന് അറിയാമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എഐസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നു രാത്രി ഡൽഹിയിലെത്തും. വലിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ച കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ കടുത്ത അത്യപ്തിയിലാണ് ഹൈക്കമാൻഡ് എന്നാണ് വിവരം. രാഹുൽ ഗാന്ധിയും ഖർഗെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ തിരക്കിലായതിനാൽ തുടർ ചർച്ചകൾക്കായി ദീപ ദാസ് മുൻഷിയെ സംസ്ഥാനത്തേക്ക് അയച്ചേക്കും.
ഇതിനിെട അടൂര്‍പ്രകാശിനെ അനുകൂലിച്ചു സംസാരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ പരാതിപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനു സൈബര്‍ ആക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്നില്ലെന്നും ജെബി മേത്തര്‍ കോഴിക്കോട് പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതിനല്‍കിയെന്നു ഇവര്‍ വ്യക്തമാക്കി
ഇതിനിടെ ഗ്യാനേഷിനെ മാറ്റാനുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയിലെത്തും. രാത്രി 7.30നാണ് പുറപ്പെടുക. ജിഎസ്ടി യോഗത്തിലും പങ്കെടുക്കും