സിപിഎം ‌വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇ.എന്‍ സുരേഷ് ബാബു തെറിച്ചത് പിണറായി വിജയന്റെ ഇടപെടലിനെത്തുടര്‍ന്ന്. തെളിവ് സഹിതം യുവതി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്കും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി നല്‍കി. തുടര്‍ന്ന് പിണറായി വിജയന്‍ ഇ.എന്‍ സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. നേതാക്കളുടെ സാന്നിധ്യത്തില്‍ പരാതി വായിച്ചുകേള്‍പ്പിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്തുപോകാനും ആവശ്യപ്പെട്ടു‌. എന്നാല്‍ പരാതി വിശാല ജില്ലാകമ്മിറ്റിയില്‍ പരാമര്‍ശിച്ചില്ല. സ്വയം ഒഴിയുന്നെന്ന് സുരേഷ് ബാബു അറിയിക്കുകയായിരുന്നു. 

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നീക്കിയതില്‍ നടപടി ഒതുങ്ങില്ല. കടുത്ത നടപടി വന്നേക്കുമെന്നാണ് സൂചന. പരാതി സംസ്ഥാന സെക്രട്ടേറിയറ്റ്  പരിഗണിക്കും. സുരേഷ് ബാബുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും. വിശാല ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കുശേഷമാകും ഇക്കാര്യം പരിഗണിക്കുക. 

ഗുരുതരമായ കണ്ടെത്തലുകള്‍

സിപിഎം ‌വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഇ.എന്‍.സുരേഷ് ബാബുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍. ജില്ലാസെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് സംഘടന സമ്മേളനത്തിനെത്തിയ അഭിഭാഷയോടു മോശമായി പെരുമാറി. ഒരുവര്‍ഷമായി ഫോണിലും ശല്യപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. 

അതേസമയം, ഇ.എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് അഭിഭാഷക വ്യക്തമാക്കി . സുരേഷ് ബാബുവിനെ പാര്‍ട്ടി പുറത്താക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് യുവതി പരാതി നല്‍കാത്തതെന്ന് സൂചന. അതേസമയം, ഇ.എന്‍.സുേരഷ് ബാബുവിനെതിരെ കടുത്ത നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ഗുരുതര പെരുമാറ്റദൂഷ്യമാണ് സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി അംഗമായ അഭിഭാഷക ഉന്നയിച്ചത്.

സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് എല്ലാത്തിനും കാരണമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി . കാരണമില്ലാതെയല്ല തീരുമാനം. പരാതിയുെട അടിസ്ഥാനത്തിലല്ല മാറ്റമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് സുരേഷ് ബാബിവിനെ നീക്കിയതിനു പിന്നിലെന്ന് ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെ മുന്‍പിലില്ല. എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ചെന്താമരാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. 

Also Read:  സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കില്ല; പാര്‍ട്ടി പുറത്താക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് അഭിഭാഷക

അസാധാരണ തിരുത്തല്‍ നടപടി

പാര്‍ട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് പൊടുന്നനെ ജില്ലാ സെക്രട്ടറിയെ മാറ്റിയത്. വിഭാഗീയത ആളിക്കത്തിച്ച സംഘടനാ വീഴ്ചകളിലും സുരേഷ് ബാബുവിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുന്‍ എംഎല്‍എ വി.ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. 

‌‌‌‌‌‌‌‌ജില്ലാ സെക്രട്ടറിക്ക് എതിരെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍ പരസ്യമാക്കേണ്ടി വരുമെന്ന് അഭിഭാഷക സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്ഥാനമൊഴിയാന്‍ സുരേഷ് ബാബുവിനോട് നേതൃത്വം ആവശ്യപ്പെട്ടത്. എം.വി.ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിശാല ജില്ലാ കമ്മിറ്റി ഇതിന് ഒരു വേദി ആയി എന്ന് മാത്രം. ഇതിനൊപ്പം വിഭാഗീയത ആളിക്കത്തിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ മൂന്ന് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായെന്ന കടുത്ത വിമര്‍ശനവും കമ്മിറ്റിയില്‍ ഉയര്‍ന്നു. വ്യക്തിപരമായി മാറാന്‍ എടുത്ത തീരുമാനം പാര്‍ട്ടി അംഗീകരിച്ചു എന്നായിരുന്നു സുരേഷ് ബാബുവിന്‍റെ പ്രതികരണം. പരാതിയുടെ കാര്യം പുതിയ ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷനും മിണ്ടിയില്ല.

മുന്‍ എംഎല്‍എ കൂടിയായ കാവശേരിയില്‍ നിന്നുള്ള നേതാവാണ് വി.ചെന്താമരാക്ഷന്‍. പൊതു സ്വീകാര്യത കണക്കിലെടുത്താണ് മുതിര്‍ന്ന നേതാവിന് പുതിയ സ്ഥാനം നല്‍കിയത്. ധിക്കാരത്തിന്‍റെയും ഗുണ്ടായിസത്തിന്‍റെയും ഫലം കണ്ടുതുടങ്ങിയെന്നായിരുന്നു സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പാര്‍ട്ടിക്ക് പുറത്തുപോയ പി.കെ.ശശിയുടെ പ്രതികരണം.

ENGLISH SUMMARY:

E.N. Suresh Babu was removed from his position as Palakkad District Secretary of CPM following a complaint and intervention by Pinarayi Vijayan. The party is considering further strict actions, including potential expulsion from party membership, after thorough investigation of the allegations.