Image: facebook.com/advssures

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്. കുറച്ചുദിവസങ്ങളായി തുടരുന്ന ശാരീരിക അസ്വസ്ഥതകൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാത്തതിലെ ഉത്കണ്ഠ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും, ഇത് രാജി വാർത്തയായി മാധ്യമങ്ങളിൽ വന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ സന്ദർശിച്ച ശേഷമാണ് സുരേഷിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ശ്രീലേഖ പാർട്ടി മാറാൻ ശ്രമിക്കുന്നുവെന്നും പദവികൾക്കായി വിലപേശൽ നടത്തുന്നുവെന്നുമുള്ള പ്രചാരണങ്ങൾ സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സുരേഷ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ മികച്ച പ്രവർത്തനമാണ് അവർ കാഴ്ചവെക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോഴാണ് കൗൺസിലർ സ്ഥാനാർഥിയായി മത്സരിക്കാൻ അവർ തയ്യാറായത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർട്ടിയുടെ ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവര്‍ത്തകയെപ്പോലെ മുഴുവൻ സമയവും പങ്കെടുത്ത അവർ സ്വന്തം പെൻഷൻ തുക ഉപയോഗിച്ചാണ് വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും, ബി.ജെ.പിയുടെ കോർപ്പറേഷൻ ഭരണം താഴെ വീഴുമെന്നത് ചിലരുടെ ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സോമനോടൊപ്പമാണ് എസ്.സുരേഷ് ആശുപത്രിയിലെത്തി ശ്രീലേഖയെ കണ്ടത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കരമന ജയൻ, കോർപ്പറേഷൻ മേയർ വി.വി. രാജേഷ് എന്നിവരും ആശുപത്രിയിലെത്തി ശ്രീലേഖയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ശ്രീലേഖ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജനസേവന രംഗത്തേക്ക് തിരിച്ചെത്തട്ടെ എന്ന് നേതാക്കൾ പറഞ്ഞു. ALSO READ: ആർ. ശ്രീലേഖയെ അനുനയിപ്പിച്ച് ബിജെപി; രാജി നീക്കം ഉപേക്ഷിച്ചു ...

എസ്.സുരേഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ഠയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. ആര്‍.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.

അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ്, പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചില മാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യ മര്യാദക്ക് നിരക്കുന്നതല്ല. ചിലർ ബിജെപിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബിജെപി തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത ഐപിഎസുകാരിയും ഡിജിപിയും എന്ന നിലക്ക് അവരെ ശ്രീ. കെ.സുരേന്ദ്രൻ ആണ് ബിജെപിയില്‍ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു.

അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള ആര്‍.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ  വാർഡിലെ ജനങ്ങളെ സേവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല ആര്‍.ശ്രീലേഖ, അവർ ഒരു സ്ത്രീയാണ്, ഒരു അമ്മയാണ്. അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും. എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു. എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്‍റ് കരമന ജയനും മേയർ വി.വി.രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു.’

അതേസമയം, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നീക്കത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറി. ഉന്നത പദവികളിലേക്ക് പരിഗണിക്കാമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നാണ് പിന്മാറ്റം. അനുരഞ്ജന ശ്രമങ്ങൾക്ക് ശ്രീലേഖ വഴങ്ങിയെന്ന സൂചനയോടെ അവർ കൗൺസിലർ സ്ഥാനത്ത് തുടരുമെന്ന് മേയർ വി.വി. രാജേഷും വ്യക്തമാക്കി. ഇതോടെ കോർപറേഷൻ ഭരണത്തെ ബാധിച്ച പ്രതിസന്ധി ഒഴിഞ്ഞതായാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജി പ്രഖ്യാപനം സമ്മർദ തന്ത്രമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ ശ്രീലേഖ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

BJP State Secretary S. Suresh has clarified that media reports claiming party leader R. Sreelekha resigned as a Thiruvananthapuram Corporation councillor are completely false. He stated that Sreelekha merely shared her concerns with party leaders about managing her responsibilities while recovering from recent health issues. Following leadership intervention and assurances regarding future higher roles, Sreelekha agreed to stay in her post, effectively resolving the political crisis. Top BJP leaders, including State Vice President K. Soman, District President Karamana Jayan, and Mayor V.V. Rajesh, visited her in the hospital to inquire about her health.