കന്‍റോണ്‍മെന്‍റ് എസ്ഐയുടേതിന് പിന്നാലെ സിഐയുടെ വീട്ടിലേക്കും ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്. പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന് ഡിവൈഎഫ്ഐ നേതൃത്വം. അതേസമയം, ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന എസ്.എഫ്.ഐയുടെ പരാതിയിൽ കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ എസ്.ഐ ഗോകുൽ ഗോപനെതിരെ ഉടൻ നടപടിയുണ്ടായേക്കില്ല. സ്പെഷൽബ്രാഞ്ച് അസിസ്‌റ്റന്‍റ് കമ്മിഷണറുടെ വിശദ അന്വേഷണത്തിനുശേഷം മാത്രം നടപടി മതിയെന്നാണ് ധാരണ.
ഭീഷണി സന്ദേശം പുറത്തുവിട്ടതിന് പിന്നാലെ എസ്.എഫ്.ഐ ഡി ജി പിക്ക് നൽകിയ പരാതിയാണ് തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറിയത്. സ്പെഷൽ ബ്രാഞ്ച് എ.സി.പി യുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ. എസ്.ഐയുടെ ഭീഷണി ന്യായീകരിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറിയുടെ ഭീഷണി സ്വരവും അംഗീകരിക്കാനാവില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഡിവൈഎഫ്ഐ, എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന് ഡിവൈഎഫ്ഐ നേതൃത്വം. യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലെ പൊലീസ് ലാത്തിചാർജിൽ കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ സതീഷ് കുമാറിന്‍റെ കാട്ടാക്കടയിലെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് ചെയ്തു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ കൂടി അറസ്‌റ്റ് ചെയ്തു. ശ്രീജിത്, ആദർശ് , അരുൺ എന്നിവരാണ് പിടിയിലായത്. വേണുഗോപാലൻ എന്ന എസ്എഫ്ഐ പ്രവർത്തകനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും അറസ്റ്റിലായിട്ടുണ്ട്.