Image credit: x

Image credit: x

  • 'സഹായിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ടീച്ചര്‍ ഇതെല്ലാം കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതെ മാറി നിന്നു. അനുസരണക്കേട് കാട്ടിയെന്നതിനാലാണ് കുട്ടിയോട് ഇങ്ങനെ ചെയ്യാന്‍ ഇരുവരും തുനിഞ്ഞതെന്നും കുട്ടിയുടെ കണ്ണിന് താഴെ മുറിവുണ്ടെന്നും' പൊലീസ്

തമിഴ്നാട്ടിലെ തിരുവാരൂരില്‍ മൂന്നുവയസുകാരന് നഴ്സറിയില്‍ ക്രൂര പീഡനം. ക്ലാസ് മുറിക്കുള്ളിലാണ് കുട്ടിയെ ശിക്ഷാനടപടിക്ക് വിധേയനാക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ ടീച്ചര്‍ക്കും സഹായിക്കുമെതിരെ പൊലീസ് കേസെടുത്തു. തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 

കുട്ടിയുടേതായി പുറത്തുവന്ന വിഡിയോകളിലൊന്നില്‍ കൈ രണ്ടും ചേര്‍ത്ത് കെട്ടിയിരിക്കുന്നതും മറ്റൊന്നില്‍ കുട്ടി, തന്നെ കെട്ടിയിരിക്കുന്ന കയര്‍ കടിച്ച് മുറിക്കാന്‍ ശ്രമിക്കുന്നതും കാണാം. കുട്ടി വേദന സഹിക്കാനാവാതെ കരയുന്നതും ആരും അടുത്തേക്ക് പോലും ചെല്ലാതിരിക്കുന്നതും മൂന്നാമത്തെ വിഡിയോയില്‍ വ്യക്തമാണ്.  

സ്കൂളിലെ സഹായിയായ ജീവനക്കാരി കുട്ടിയെ വിനൈയ്​ല്‍ ഷീറ്റില്‍ പൊതിയുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ടീച്ചര്‍ പറഞ്ഞത് കുട്ടി അനുസരിച്ചില്ലെന്നും വികൃതി കാണിച്ചുവെന്നുമാണ് ഇവര്‍ കാരണമായി പൊലീസിനോട് പറഞ്ഞത്. 'സഹായിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ടീച്ചര്‍ ഇതെല്ലാം കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതെ മാറി നിന്നു. അനുസരണക്കേട് കാട്ടിയെന്നതിനാലാണ് കുട്ടിയോട് ഇങ്ങനെ ചെയ്യാന്‍ ഇരുവരും തുനിഞ്ഞതെന്നും കുട്ടിയുടെ കണ്ണിന് താഴെ മുറിവുണ്ടെന്നും' പൊലീസ് പറയുന്നു. 

സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി, തനിക്കേറ്റ പരുക്കുകള്‍ വീട്ടുകാരെ കാണിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്കൂളിലേക്കെത്തിയ കുട്ടിയുടെ പിതാവ് അധികൃതര്‍ക്ക് പരാതി നല്‍കി. സിസിടിവിയും പരിശോധിച്ചു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പൊലീസിന് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. അധ്യാപികയെയും സഹായിയെയും പുറത്താക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:

A three-year-old boy was allegedly subjected to cruel punishment at a private nursery school in Thiruthuraipoondi, Tiruvarur district, Tamil Nadu. CCTV footage showed the child's hands being tied together, his attempts to bite through the rope and his distress as he cried in pain without receiving help. Police said a school assistant wrapped the child in a vinyl sheet and assaulted him, while the teacher allegedly remained silent and failed to intervene because the child had disobeyed instructions. Police have registered a case against both the teacher and the assistant, and the school management has reportedly dismissed them.