madhya-pradesh-police-cctv

മധ്യപ്രദേശില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന അവിവാഹിതരായ യുവാവിനെയും യുവതിയെയും ലഹരിക്കസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ്. ദൃശ്യങ്ങള്‍ വൈറലയായതോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

നവംബർ 13 നാണ് കേസിനാസ്പദമായ സംഭവം. ബാബരിയ റോഡിലെ ഒരു ഹോട്ടലിന്റെ റിസപ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹോട്ടലിൽ താമസിക്കുകയായിരുന്ന അവിവാഹിതരായ യുവതിയേയും യുവാവിനേയും ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഭവം. യുവതിയും യുവാവും തങ്ങള്‍ പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിക്കാനിരിക്കുകയാണെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയോട് ഫോൺ അൺലോക്ക് ചെയ്യാനും കുടുംബാംഗങ്ങളെ ബന്ധപ്പെടാനും പറഞ്ഞു. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥൻ പ്രകോപിതനാകുകയായിരുന്നു. തുടര്‍ന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് മിശ്ര യുവാവിന്റെ ബാഗിൽ കഞ്ചാവ് കൊണ്ടുവെക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയായിരന്നു. ‘അവന്‍റെ ബാഗിൽ കുറച്ച് കഞ്ചാവ് വെക്കൂ’ എന്നും എന്നിട്ട് ക്രിമിനല്‍ കേസെടുക്കാനും പറയുന്ന എഎസ്‌പിയുടെ സംഭാഷണവും കേള്‍ക്കാം. എസ്ഡിഒപി ചഞ്ചലേഷ് മർകം, ടിഐ സതീഷ് തിവാരി എന്നിവരാണ് വി‍ഡിയോയിലുള്ളത്.

ദൃശ്യങ്ങള്‍ വൈറലായതോടെ ഉദ്യോഗസ്ഥന്‍റെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പിന്നാലെ സിയോണി എസ്പി കൃഷ്ണ ലാൽചന്ദാനി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ എസ്‌പിയെ അന്വേഷണ വിധേയമായി ചുമതലകളില്‍ നിന്നും നീക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

In Madhya Pradesh, an unmarried couple staying at a hotel was harassed and threatened by police officers attempting to frame them in a drug case. A viral video from the hotel reception captured Additional Superintendent of Police Deepak Mishra instructing staff to plant cannabis in the young man's bag after the woman refused to unlock her phone.